ലോഡര്‍ഹില്‍: ഓപ്പണര്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വിന്‍ഡീസിനെതിരായ രണ്ടാം ടി ട്വന്റി മത്സരത്തില്‍ ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 165 റണ്‍സ് എടുത്തു.
രോഹിത് ശര്‍മ 51 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. ആദ്യ വിക്കറ്റില്‍ രോഹിതും ശിഖര്‍ ധവാനും 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ 16 പന്തില്‍ 23 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോഹ് ലി 23 പന്തില്‍ ഒരു ഫോറും സിക്‌സറും അടക്കം 28 റണ്‍സ് കുറിച്ചു.
ക്രുണാള്‍ പാണ്ഡെ 13 പന്തില്‍ ഇരുപത് റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ജഡേജയും കീഴടങ്ങാതെ നിന്നു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ് ലി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
ഇന്ത്യക്ക് റെക്കോഡ്
ലോഡര്‍ഹില്‍ (ഫ്‌ളോറിഡ): വിന്‍ഡീസിനെതിരായ പരമ്പരയില്‍ ജയത്തോടെ അരങ്ങേറിയ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ചരിത്രമെഴുതി. ടി ട്വന്റിയില്‍ നാട്ടിന് പുറത്ത് അമ്പത് വിജയങ്ങള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. പാക്കിസ്ഥാനാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.
ലോഡര്‍ഹില്ലിലെ ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ വിന്‍ഡീസിനെ നാലു വിക്കറ്റിന് വീഴ്‌ത്തിയതോടെയാണ് ഇന്ത്യ ചരിത്രമെഴുതിയത്. വിദേശമണ്ണില്‍ ഇന്ത്യയുടെ അമ്പതാം ടി ട്വന്റി വിജയമാണിത്.
കേവലം പതിനേഴ് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴത്തി
യുവ പേസര്‍ നവ്ദീപ് സെയ്‌നി അരങ്ങേറ്റം അവിസ്മരണീയമാക്കി മത്സരത്തില്‍ വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 95 റണ്‍സിലൊതുങ്ങിനിന്നു. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക്് വിന്‍ഡീസ് പേസ് നിര അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. ശിഖര്‍ ധവാന്‍ (1), ഋഷഭ് പന്ത് (0), ക്രുണാള്‍ പാണ്ഡെ (12) എന്നിവര്‍ അനായാസം പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ് ലി 19 റണ്‍സിന് കീഴടങ്ങി. 25 പന്തില്‍ 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. രണ്ട് ഫോറും അത്രയും തന്നെ സിക്്‌സറും അടിച്ചു.
ജഡേജയും (10 നോട്ടൗട്ട്) വാഷിങ്ടണ്‍ സുന്ദറും (8 നോട്ടൗട്ട്) പൊരുതി നിന്നതോടെ ഇന്ത്യ പതിനാറ് പന്ത് ശേഷിക്കെ വിജയം കണ്ടു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ നവ്ദീപ് സെയ്‌നിയാണ് കളിയിലെ കേമന്‍.
നാട്ടിലും മറുനാട്ടിലുമായി 116 ടി ട്വന്റി മത്സരങ്ങളില്‍ ഇന്ത്യയുടെ 71-ാം വിജയമാണിത്. ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ കൊയ്ത രണ്ടാമത്തെ ടീമാണ് ഇന്ത്യ. 63.27 ശതമാനമാണ് ശരാശരി.
പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീം. അവര്‍ 143 ടി ട്വന്റി മത്സരങ്ങളില്‍ 90 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്്.
















