എരുമേലി: അതുല്യയുടെ മിന്നുന്ന പ്രകടനങ്ങള്‍ ഇനിയും ഉണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് നാടൊന്നാകെ. ദേശീയ-സംസ്ഥാന കായിക മത്സരങ്ങളില്‍ വിജയം കൊയ്ത അതുല്യ പി. സജി (17) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതുല്യയുടെ ശസ്ത്രക്രിയ 13ന് നടക്കും.
തുലാപ്പള്ളി സ്വദേശിയും ബേക്കറി ജോലിക്കാരനുമായ പൊട്ടന്‍പറമ്പില്‍ സജിയുടെയും സിന്ധുവിന്റെയും മകളാണ്. തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ മികച്ച കായികതാരമായ അതുല്യ മൂന്നുമാസമായി ചികിത്സയിലാണ്. ഒരു മാസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും, പിന്നീട് കിംസിലും പ്രവേശിപ്പിച്ചു. ശ്വാസകോശം ചുരുങ്ങുന്ന അസുഖം ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കിംസില്‍ ചികിത്സ നടത്തിയിരുന്നത്. പഠനത്തിലും മികവ് കാട്ടുന്ന താരമാണ് അതുല്യ.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണവും ദേശീയ മീറ്റിലെ വെള്ളിയും നേടിയ താരമാണ് അതുല്യ. സ്വര്‍ണപ്പതക്കം നേടി വിജയക്കുതിപ്പിന് തുടക്കം കുറിച്ചപ്പോഴാണ് അസുഖം പിടിപ്പെട്ടത്. നേരത്തെ തലച്ചോറില്‍ അണുബാധയുണ്ടായതിന് ചികിത്സ തേടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ട്രാക്കില്‍ തിരിച്ചെത്തി. പരിശീലനം തുടരുന്നതിനിടെയാണ് വീണ്ടും രോഗ ബാധിതയായത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ അതുല്യയുടെ തുടര്‍ചികിത്സക്കും മറ്റും വലിയതുക വേണ്ടിവരും. ഈ പ്രതിസന്ധി ഘട്ടത്തില്‍ അതുല്യക്ക് സഹായമൊരുക്കാനുള്ള ഓട്ടത്തിലാണ് നാടൊന്നാകെ.
അതുല്യയുടെ രോഗവിവരം അറിഞ്ഞ് വിവിധ കോണുകളില്‍ നിന്ന് സഹായഹസ്തം നീട്ടിയിട്ടുണ്ട്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരളാ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപ നല്‍കി. അതുല്യയുടെ സഹോദരി ശരണ്യയും അച്ഛന്‍ സജിയും തുക ഏറ്റുവാങ്ങി. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കെസ്പ അഡൈ്വസര്‍ കെ. ജയരാമന്‍, ജനറല്‍ സെക്രട്ടറി സി. ജയശങ്കര്‍ മേനോന്‍, എക്‌സി. കമ്മിറ്റി അംഗം ജോസ് തോമസ്, ആന്റണി മണമയില്‍, ആശ ആന്റണി എന്നിവര്‍ പങ്കെടുത്തു.
















