തലശ്ശേരി : സിഒടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന കെഎല്‍ 07 സിഡി 6887 എന്ന കാറാണ് ബോര്‍ഡ് മാറ്റിയ ശേഷം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പോലീസ് സംഘം നോട്ടീസ് നല്‍കിയ പ്രകാരം കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഈ കാറില്‍ വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എംഎല്‍എയുടെ സഹായിയും ഡ്രൈവറുമായ രാഗേഷാണ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തത്. ഷംസീറിന്റെ സഹോദരന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നസീറിനെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഈ കാറിനു വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഷംസീര്‍ എംഎല്‍എ ഈ വാഹനത്തില്‍ തന്നെ ജില്ലാ കമ്മിറ്റി യോഗത്തിന് എത്തുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് യോഗം കഴിഞ്ഞ് മറ്റൊരു കാറിലാണ് ഷംസീര്‍ മടങ്ങിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെയ് 18നാണ് തലശ്ശേരി കായ്യത്ത് വെച്ച് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. തലയ്‌ക്കും വയറിനും കൈകാലുകള്‍ക്കും വെട്ടേറ്റ നസീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.എംഎല്‍എയ്‌ക്ക് തന്നോടുള്ള വിദ്വേഷത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിഒടി നസീര്‍ നേരത്തെ അറിയിച്ചിരുന്നു.
















