തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിന് ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തന്നെ കോടികള്‍ ധൂര്‍ത്തടിക്കുന്നു. നിയമസഭ വളപ്പില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന അതിഥി മന്ദിരത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് 2.5 കോടിയിലേറെ രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതിനായി യോഗ്യതയുള്ള കമ്പനികളില്‍ നിന്നു നിയമസഭാ സെക്രട്ടേറിയറ്റ് താല്‍പര്യപത്രം ക്ഷണിച്ചു.
പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ 4 നിലകളിലായി 16,221 ചതുരശ്ര അടിയിലാണു കെട്ടിടം നിര്‍മിക്കുന്നത്. രണ്ടര കോടിയോളം രൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അതിഥികളെ സല്‍ക്കരിക്കാനും ലോകകേരളസഭ പോലുള്ള സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പങ്കെടുക്കുന്നവരെ താമസിപ്പിക്കാനും ഉദ്ദേശിച്ചാണ് അതിഥി മന്ദിരം പണിയുന്നത്.
ഇതോടൊപ്പം എംഎല്‍എ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് എംഎല്‍എമാരുടെ പരാതി. മുന്‍ എംഎല്‍എമാരും തലസ്ഥാനത്തെത്തുമ്പോള്‍ ഇവിടെയാണു താമസിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും 3 കിടക്കമുറികളുള്ള ഫ്‌ലാറ്റ് സൗജന്യമായി നല്‍കിയിട്ടുണ്ട്.
2 വര്‍ഷത്തേക്ക് 928 ഉത്പന്നങ്ങള്‍ക്ക് 1 ശതമാനം സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കോടികള്‍ ചെലവിട്ട് അതിഥി മന്ദിരം പണിയാന്‍ ഇതേ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ചെലവു കുറക്കാനാണ് ഇത്തരത്തില്‍ അതിഥി മന്ദിരം നിര്‍മ്മിക്കുന്നതെന്ന് സ്പീക്കര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞു.
















