പാലക്കാട്: വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കല്ലേക്കാട് എആര്‍ ക്യാമ്പിലെ സിപിഒയും അഗളി സ്വദേശിയുമായ കുമാറിന്റെ മരണം സംബന്ധിച്ച് പ്രധാനമന്ത്രി, ദേശീയ എസ്‌സി-എസ്ടി വകുപ്പ് മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം.
സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുമാറിന്റെ ഭാര്യ സജിനി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ജന്മഭൂമിയോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്നും സജിനി പറഞ്ഞു.
കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്ന ക്യാമ്പ് ഡിസി സുരേന്ദ്രന്‍, സിപിഒ ആസാദ്, എസ്‌ഐ, എഎസ്‌ഐ, ഡ്യൂട്ടി ഡീറ്റെയില്‍ ചെയ്യുന്ന മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാതീയ വിവേചനം, എസ്‌സി-എസ്ടി അതിക്രമ പീഡനനിരോധന നിയമപ്രകാരവും, ആത്മഹത്യാ പ്രേരണ, കൊലപാതകം എന്നീവകുപ്പുകളും ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് സജിനി ഇന്നലെ ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന് പരാതി നല്‍കി.
കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും സജിനി പറഞ്ഞു. ജൂലൈ 25നാണ് കല്ലേക്കാട് എആര്‍ ക്യാമ്പിലെ സിപിഒ അഗളി കാവുണ്ടിക്കല്‍ കുന്നന്‍ചാള ഊരിലെ കുമാറിനെ ലക്കിടിയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കുമാറിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. അതേസമയം അന്വേഷണം ജില്ലാ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്ക് വിടാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി നിര്‍ദേശിച്ചു. നിലവില്‍ ഒറ്റപ്പാലം സിഐയാണ് കേസന്വേഷിക്കുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്‌ക്ക് പരിശോധിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് ഉടന്‍തന്നെ തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്‌സി-എസ് ടി കമ്മീഷന്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇതിനിടെ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് ആര്‍ഡിഒ കോടതിയില്‍ ഹാജരാക്കി. അതേസമയം ഇന്ന് മൂന്നുമണിക്ക് സംസ്ഥാന എസ് സി എസ്ടി കമ്മീഷന്‍ കല്ലേക്കാട് എആര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
















