തിരുവനന്തപുരം : ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ നിര്‍ത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ചെലവ് കുറച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
ഇനിമുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസ് നടത്തുക. പിന്നാലെ ഫാസ്റ്റിന്റേയും സര്‍വ്വീസുകള്‍ പുനക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്‌ക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം 20 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളാണ് ഉള്ളത്. ഇവയെല്ലാം ഞായറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിന്‍ സര്‍വീസുകളായി ചുരുങ്ങും. ഒപ്പം തിരുവനന്തപുരം- കുമളി, തൊടുപുഴ- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല. കൂടാതെ നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
സ്‌കൂള്‍, ഓഫീസ് സമയങ്ങളില്‍ എംസി റോഡുകള്‍ വഴി അഞ്ചുമിനിറ്റ് ഇടവിട്ട് ഇനി ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. അല്ലാത്തസമയം 20 മിനിട്ട് ഇടവിട്ടും. ദീര്‍ഘദൂര റൂട്ടുകളില്‍ നിന്ന് ഫാസ്റ്റുകള്‍ പിന്‍വലിക്കുന്നതോടെ 72000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്‌ക്കാനാകും. ഇതുവഴി 180 ബസുകള്‍ ലാഭിക്കാം. ഇതിലൂടെ അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്‌ക്കാം. കൂടാതെ ഒരേറൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ്,ഫാസ്റ്റുകളുടെ മത്സര ഓട്ടവും ഒഴിവാകും.
15 മിനിറ്റ് ഇടവിട്ട് സൂപ്പര്‍ ഫാസ്റ്റുള്ളതിനാല്‍ ദീര്‍ഘദൂരറൂട്ടുകളില്‍ യാത്രാക്ലേശമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ദീര്‍ഘദൂര യാത്രയ്‌ക്കുള്ള അവസരമാണ് അതുവഴി ഇല്ലാതാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















