കൊച്ചി: കണ്ണൂര്‍ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക വൈരമാണ് കൊലപാതക കാരണം എന്നാണ് സര്‍ക്കാരിന്റെ വാദം. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണം എന്ന കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രംമാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ലോക്കല്‍ പൊലീസില്‍നിന്ന് മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറ്റവുവെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അപ്പീലില്‍ സര്‍ക്കാരിനായി ഹാജരാകുന്നതിന് 50 ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ചു ഡല്‍ഹിയില്‍നിന്നു സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേകനിര്‍ദേശപ്രകാരമാണ് ഈ അഭിഭാഷകന്റെ ഭീമമായ ഫീസ് വേഗം നല്‍കുന്നതിന് നടപടി സ്വീകരിച്ചത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐയ്‌ക്ക് വിട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികള്‍ 37 തവണ വെട്ടിയാണ് മരണം ഉറപ്പാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു.
















