പല്‍വാല്‍: ഹരിയാനയില്‍ പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗൗ രക്ഷക് സമിതി എന്ന സംഘടനയിലെ അംഗമായ യുവാവിനെ വെടിവച്ചു കൊന്നു. അനധികൃതമായി പശു കടത്ത് നടത്തിയ സംഘമാണു ഗോപാല്‍ (35) എന്ന യുവാവിനെ ക്രൂരമായി വെടിവച്ചു കൊന്നത്. പശുക്കടത്ത് തടയുന്നതിനിടെയാണു യുവാവിന്റെ ദാരുണാന്ത്യം. പശുക്കളെ കടത്തിയ വാഹനത്തിന് പിന്നാലെ പോയ ഗോപാല്‍ പശു സംരക്ഷണ സമിതിയിലെ മറ്റ് അംഗങ്ങളെ ഫോണ്‍ ചെയ്തു വിവരം അറിയിക്കുന്നതിനിടെയാണു കള്ളക്കടത്തു സംഘം വെടിയുതിര്‍ത്തത്. ഗോപാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൂന്നു പെണ്‍മക്കളാണ് ഗോപാലിനുള്ളത്.
അതേസമയം, ഈ ക്രൂര കൊലപാതകത്തിന് പിന്നില്‍ പശു മാഫിയ ആണെന്നു ഗോപാലിന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോഡല്‍-നൂഹ് ഹൈവേയിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ പശുക്കടത്ത് വ്യാപകമായതോടെയാണു പശു സംരക്ഷണ സമിതി തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കിയത്.
















