ന്യൂദല്‍ഹി: അവധിക്കാലങ്ങളില്‍ കേരളാ സെക്ടറിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ്‌സിങ് പുരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ എല്ലാ ദിവസവുമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
കേരളത്തിലെ വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരളാ എംപിമാരുമായി വ്യോമയാന മന്ത്രിയും വിദേശകാര്യസഹമന്ത്രി വി. മുരളീധരനും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. കേരളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളെ ക്ഷണിക്കാനും തീരുമാനമായി.
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക യോഗം വിളിച്ച കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ്‌സിങ് പുരിയെയും പങ്കെടുത്ത കേരളാ എംപിമാരെയും വി. മുരളീധരന്‍ അഭിനന്ദിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം, എന്‍.കെ പ്രേമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എളമരം കരീം അടക്കമുള്ള എല്ലാ എംപിമാരും യോഗത്തില്‍ പങ്കെടുത്തു.
















