ന്യൂദല്‍ഹി: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാണാമെന്ന് പാക്കിസ്ഥാന്‍. ഇന്നാണ് കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചത്. കുല്‍ഭൂഷണെ കാണാന്‍ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം ചുമതലപ്പെടുത്തി.
അന്താരാഷ്‌ട്രനീതിന്യായ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അനുമതി നല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്. അനുമതി നല്‍കിയ പാക് നടപടിയോട് കരുതലോടെയാണ് ഇന്ത്യ പ്രതികരിച്ചത്.
അന്താരാഷ്‌ട്ര കോടതിയുടെ വിധി സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും നയതന്ത്ര തലത്തില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു. കുല്‍ഭൂഷണ്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയല്ല പത്രസമ്മേളനമെന്നും രവീഷ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.
2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് ചാരസംഘടന ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നത്. 2017 ഏപ്രിലില്‍ ഭീകരപ്രവര്‍ത്തനം ആരോപിച്ച് കുല്‍ഭൂഷണെ പാക് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ഇതിനെതിരെ മെയില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യ വധശിക്ഷ സ്റ്റേ ചെയ്ത് ഉത്തരവ് സമ്പാദിച്ചു.
വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാക് നടപടിയെന്നായിരുന്നു കേസില്‍ കഴിഞ്ഞ മാസം 17ന് വിധി പറഞ്ഞപ്പോള്‍ കോടതി നടത്തിയ പരാമര്‍ശം. പാക്കിസ്ഥാന് വലിയ തിരിച്ചടി അന്താരാഷ്‌ട്ര കോടതിയില്‍ നേരിട്ടതിന് പിന്നാലെയാണ് പാക് നടപടി.
















