തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിയെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാതിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്ന് മുല്ലപ്പള്ളി. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ തന്നെയെന്നും, ഇത് ആസൂത്രിതമെന്നും മുല്ലപ്പള്ളി അറിയിച്ചു.
കൊലപാതകത്തിനു ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്ന നൗഷാദിനെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ 14 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കും വെട്ടേറ്റു. ഇവര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിldmയിലാണ്. ഗുരുതരമായി പരുക്കേറ്റ നൗഷാദ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മരിച്ചത്.
അതിനിടെ കേസിലെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. കൊലയ്‌ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ കൈകകളില്‍ കൂര്‍ത്ത മുനയുളള കത്തി വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്ന് വ്യക്തമാകുന്നതും അത്തരത്തിലുള്ള ആക്രമണം നടന്നതായാണ്. 14 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്.
സംഭവം നടന്ന പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്.
















