ന്യൂദല്‍ഹി : അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശുക്ലക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ശുക്ല അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത്.
സിറ്റിങ് ജഡ്ജിക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ മുന്‍കൂറായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ ലഖ്‌നൗവിലെ ഒരു മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവ് മറികടന്ന് വിധി പുറപ്പെടുവിച്ചുവെന്നതായിരുന്നു ശുക്ലക്കെതിരായ ആരോപണം.
ഇത് വിവാദമാവുകയും തുടര്‍ന്ന് ദീപക് മിശ്ര നിയോഗിച്ച സമിതി ഇതേക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയ് ശുക്ലയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കി.
















