മുംബൈ: കര്‍ണാടകത്തിനും ഗോവയ്‌ക്കും പിന്നാലെ മഹാരാഷ്‌ട്രയിലും ഇതര പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാര്‍ അടക്കം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും ഏറ്റവും കുറഞ്ഞത് 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി നിലവില്‍ ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ തന്നെയാണു വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും അടുത്തുതന്നെ എന്‍സിപിയും തകര്‍ച്ചയിലേക്ക് വീഴുമെന്നും ഗിരീഷ് മഹാജന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് 50 തോളം എംഎല്‍എമാരാണ് സമീപിച്ചത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ചിത്രാ വാഗ് ബിജെപിയില്‍ ചേരാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എന്‍സിപി മുംബൈ യൂണിറ്റ് ചീഫ് സചിന്‍ ആഹിര്‍ പാര്‍ട്ടി വിട്ട് ശിവ സേനയില്‍ ചേര്‍ന്നിരുന്നു. എന്‍സിപി എംഎല്‍എ വൈഭവ് പിച്ചാത് ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന എന്‍സിപി നേതാവ് ശരത് പവാറിന്റെ ആരോപണവും ഗിരീഷ് മഹാജന്‍ തള്ളി. സ്വന്തം പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്കു മറ്റുള്ള പാര്‍ട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു നേതാവിനേയും ബിജെപി ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ബിജെപിയുടെ രാഷ്‌ട്രീയ നിലപാട് ശരിയാണെന്നു ബോധ്യപ്പെട്ടാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ എത്തുന്നതെന്നും ഗിരീഷ് മഹാജന്‍.
















