തേജോധികരണം
നാലാമത്തെ അധികരണമായ ഇതില്‍ ഒരൊറ്റ സൂത്രമേ ഉള്ളൂ.
സൂത്രം തേജോ/തസ്തഥാഹ്യാഹ
തേജസ്സ് വായുവില്‍ നിന്ന് ഉണ്ടായി. അങ്ങനെയാണ് പറഞ്ഞത്.
വേറെപലയിടത്തും പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധവുമാണ്.
ഛന്ദോഗ്യത്തില്‍ തേജസ്സ് അഥവാ അഗ്നി സത്തില്‍ നിന്നുണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൈത്തിരീയത്തില്‍ തേജസ്സ് വായുവില്‍ നിന്നും ഉണ്ടായി എന്ന് പറയുന്നു. ഇങ്ങനെ രണ്ട് ശ്രുതികളില്‍ അഗ്നിയുടെ കാരണത്തെപ്പറ്റി വേറിട്ട അഭിപ്രായം .കാണുന്നതിനാല്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന് സംശയം ഉണ്ടാകാം.
ബ്രഹ്മത്തില്‍ നിന്ന് അഗ്നിയുണ്ടായി എന്ന് കരുതുന്നതാണ് യുക്തമെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
മന്ത്രത്തില്‍ ‘സദേവ എന്ന് തുടങ്ങി അത് തേജസ്സിനെ സൃഷ്ടിച്ചുവെന്ന് കാണുന്നതിനാല്‍ ഇത് തന്നെ ശരിയെന്ന് അവര്‍ കരുതുന്നു. എല്ലാം ബ്രഹ്മത്തില്‍ നിന്നും ഉണ്ടായാലല്ലേ ബ്രഹ്മത്തെ അറിഞ്ഞാല്‍ എല്ലാം അറിഞ്ഞതായി എന്ന പ്രതിജ്ഞ ശരിയാകൂവെന്ന് പൂര്‍വ്വപക്ഷം ചോദിക്കുന്നു. എല്ലാം ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായി എന്ന് പറഞ്ഞാല്‍ അഗ്നിയും അവിടെ നിന്ന് തന്നെയാണ് ഉണ്ടായത്. തൈത്തിരീയത്തില്‍ ‘ഇദം സര്‍വ്വമസൃജത യദിദം കിഞ്ച ‘ എല്ലാം ബ്രഹ്മം സൃഷ്ടിച്ചതെന്ന് പറയുന്നുണ്ട്. അതിനാല്‍ വായുവില്‍ നിന്ന് അഗ്നിയുണ്ടായി എന്ന് പറഞ്ഞത് വെറും ക്രമത്തെ കാണിക്കാന്‍ വേണ്ടിയാകും എന്നാണ് പൂര്‍വ്വ പക്ഷ വാദം.
എന്നാല്‍ സൂത്രം ഇതിനെ നിഷേധിക്കുന്നു. വായുവില്‍ നിന്ന് തന്നെയാണ് അഗ്നിയുണ്ടായത്. വായോരഗ്നി: എന്നാണ് ശ്രുതിവാക്യം. അഗ്നി ബ്രഹ്മത്തില്‍ നിന്ന് നേരിട്ടുണ്ടായി എന്ന് പറഞ്ഞാല്‍ വായുവില്‍ നിന്ന് ഉണ്ടായി എന്ന ശ്രുതി വാക്യം നിരര്‍ത്ഥകമാകും.ശ്രുതി വാക്യത്തില്‍ അപാദാന പഞ്ചമി ഉപയോഗിച്ചിട്ടുള്ളതിനാല്‍ അഗ്നിയുടെ ഉത്പത്തി വായുവില്‍ നിന്ന് തന്നെയെന്ന് വ്യക്തമാക്കുന്നു. ക്രമത്തിലാണ് പറയാന്‍ നോക്കുന്നതെങ്കില്‍ അതിനു ശേഷം എന്നര്‍ത്ഥം വരുന്ന വാക്കുകൂടി ഉപയോഗിക്കേണ്ടതാണ്.. ഇവിടെ വായു കാരണവും അഗ്നി അതിന്റെ കാര്യവുമാണ്. ആകാശത്തേയും വായുവിനേയും സൃഷ്ടിച്ച് വായുഭാവം പ്രാപിച്ച ബ്രഹ്മം തേജസ്സിനെ സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും തത്തേജോ സൃജത ‘ എന്നതിന് വിരോധമുണ്ടാകില്ല.എല്ലാമായിത്തീര്‍ന്നത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായി എന്നു പറയുമ്പോള്‍ ആകാശം തുടര്‍ന്ന് വായു അതില്‍ നിന്ന് അഗ്നി എന്ന അര്‍ത്ഥത്തിലാണ് എടുക്കേണ്ടത്.
അബധികരണം
അപ്പ് അഥവാ ജലത്തെ സംബന്ധിച്ച ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണ് ഉള്ളത്.
സൂത്രം ആപ:
ജലത്തെ അഗ്നിയില്‍ നിന്നുണ്ടാക്കിയെന്ന് കഴിഞ്ഞ സൂത്രത്തിന്റെ തുടര്‍ച്ചയായി പറയുന്നു.
‘ആപോ/സൃജത ‘ ജലത്തെ സൃഷ്ടിച്ചു എന്നും ‘ അഗ്നേരാപ: ‘അഗ്നിയില്‍ നിന്ന് ജലമുണ്ടായി എന്നും ശ്രുതി പറയുന്നുണ്ട്. ജലത്തില്‍ നിന്നും ഭൂമിയുണ്ടായതു പറയണമെങ്കില്‍ ജലത്തിന്റെ സൃഷ്ടിയെപ്പറ്റി പറയണം. നേരത്തേ പറഞ്ഞ രണ്ട് ശ്രുതി വാക്യങ്ങള്‍ക്കും ഐക്യരൂപം കാണിക്കാന്‍ വേണ്ടിയാണ് അഗ്നിയില്‍നിന്നും ജലമുണ്ടായി എന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: