ന്യൂദല്‍ഹി: ‘ശിവലിംഗത്തിലെ തേള്‍’ എന്ന വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി നല്‍കിയ കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍ ഹാജരായി. തനിക്കെതിരെയുള്ള അപകീര്‍ത്തിക്കേസ് ഒഴിവാക്കണമെന്ന തരൂരിന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
ബി.ജെ.പി. നേതാവ് രാജീവ് ബാബര്‍ സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിലാണ് തരൂര്‍ കോടതിയില്‍ എത്തിയത്. നേരിട്ട് എത്തിയതിനാല്‍ കോടതി തന്റെ മൊഴി രേഖപ്പെടുത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തരൂരിന്റെ മൊഴി രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കേസ് ഓഗസ്റ്റ് ഏഴിലേക്കു മാറ്റി. വ്യാജപ്രചാരണത്തില്‍ എംപി വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെ ഉപമിച്ചിട്ടുണ്ടെന്ന് ഒരു ലേഖനത്തില്‍ തരൂര്‍ പരാമര്‍ശിച്ചതാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍ ഇത് വ്യാജപ്രചരണമായിരുന്നു. ഇക്കാര്യം തെളിയിക്കാന്‍ ശശിതരൂരിന് കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ശിവഭക്തരെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരമൊരു വിവാദം ഉണ്ടായത്.
















