ന്യൂദല്‍ഹി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത്.കാര്‍ഗിലില്‍ കാട്ടിയത് പോലുള്ള സാഹസങ്ങള്‍ക്ക് മുതിരരുതെന്നും അങ്ങനെ ഉണ്ടായാല്‍ ഫലം ചിന്തിക്കുന്നതിന് അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യം പണ്ടത്തേതിനേക്കാള്‍ ശക്തമാണെന്നും ഭാവിയില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ വെറുതേയിരിക്കില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ചിന്തിക്കുന്ന ഉയരങ്ങളില്‍ അവര്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങളുമായാണ് ഇന്ന് ഇന്ത്യന്‍ സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
ഇരുപതാമത് കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് കഴിഞ്ഞ ദിവസം അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരുന്നു. ജൂലൈ 25 മുതല്‍ 27 വരെ മൂന്ന് ദിവസമായാണ് ഇത്തവണ കാര്‍ഗില്‍ വിജയ ദിവസം ആഘോഷിക്കുന്നത്.
1999 ജൂലൈ 26നാണ് പാക്കിസ്ഥാന്‍ സൈന്യം പിടിച്ചെടുത്ത ഇന്ത്യന്‍ പോസ്റ്റുകള്‍ ഭാരത സൈന്യം തിരികെ പിടിച്ചത്. മെയ് മാസം മുതല്‍ ജൂലൈ മാസം വരെ നീണ്ടു നിന്ന യുദ്ധത്തില്‍ ‘ഓപ്പറേഷന്‍ വിജയ്’ എന്ന സൈനിക നടപടിയിലൂടെയാണ് ഇന്ത്യ വിജയം വരിച്ചത്. ആ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി ഇന്ത്യ ആഘോഷിക്കുന്നത്.
















