ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരന്മാര്‍ പട്ടാളത്തില്‍ ചേര്‍ന്നു. മുഹമ്മദ് താരിഖ്, മുഹമ്മദ് ഷബീര്‍ എന്നിവരാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഇരുവരും ഉള്‍പ്പെട്ട പുതിയ ബാച്ചിന്റെ എന്റോള്‍മെന്റ് പരേഡ് രജൗറിയില്‍ പൂര്‍ത്തിയാക്കി.
44 രാഷ്‌ട്രീയ റൈഫിളിലെ അംഗമായിരുന്നു ഔറംഗസേബ്. ഷോപ്പിയാന്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന് പോസ്റ്റിങ്. കഴിഞ്ഞവര്‍ഷം ഈദിന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പുല്‍വാമയില്‍നിന്ന് ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിയുണ്ടകളേറ്റ ഔറംഗസേബിന്റെ ശരീരം ജൂണ്‍ പതിനാലിന് കണ്ടെത്തുകയായിരുന്നു.
പരിശീലനത്തിനു ശേഷം ഞങ്ങള്‍ ഭീകരവാദത്തിനെതിരെ പൊരുതുകയും ഔറംഗസേബിന്റെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുകയും ചെയ്യുമെന്നും സഹോദരന്മാര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിലും രാജ്യത്തെ കുറിച്ച് ഓര്‍ത്തും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മുഹമ്മദ് താരിഖ് അറിയിച്ചു. പരേഡില്‍ പങ്കെടുക്കാന്‍ ഇവരുടെ മാതാപിതാക്കളും എത്തിയിരുന്നു.
















