ലക്നൗ : ഉത്തർപ്രദേശിൽ 251 മീറ്റര്‍ ഉയരത്തിൽ ശ്രീരാമന്റെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപെട്ട് യു.പി സര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാറിന്റെ സാങ്കേതിക സഹകരണത്തിനായി ധാരണപത്രത്തില്‍ ഒപ്പുവച്ചു. അയോദ്ധ്യയില്‍ സ്ഥാപിക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ളതായിരിക്കും.
സരയു നദിതീരത്തെ നൂറ് ഹെക്ടറുള്ള സ്ഥലത്താണ് ശ്രീരാമ പ്രതിമ സ്ഥാപിക്കുക. ഗുജറാത്തിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയേക്കാള്‍ ഉയരത്തിലാകും ശ്രീരാമന്റെ പ്രതിമ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നതില്‍ അവസാന തീരുമാനമായത്. പ്രതിമ നിർമാണത്തെക്കുറിച്ച് നേരത്തെ തന്നെ സർക്കാർ സൂചനകൾ നൽകിയിരുന്നു.
പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. 181 മീറ്ററാണ് പ്രതിമയുടെ നീളം. 50 മീറ്റർ ഉയരമുള്ള അടിത്തറയും 20 മീറ്റർ നീളത്തിൽ കിരീടവും പ്രതിമക്കുണ്ടാകും. അടിത്തറയ്‌ക്കുള്ളിൽ പുരാവസ്തുവകുപ്പിന്റെ പ്രദർശനാലയം ഉണ്ടായിരിക്കും. ഇതിൽ അയോധ്യയുടെ ചരിത്രം രേഖപ്പെടുത്തും. സരയു നദിയുടെ ഒഴുക്ക് ഒരു വശത്ത് ഗതിമാറ്റി ശ്രീരാമപ്രതിമയുടെ പാദത്തിൽ സ്പർശിക്കും വിധത്തിലാക്കും. ഇതിന് അനുസരിച്ചുള്ള കാര്യങ്ങൾ നീക്കാൻ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതിമയ്‌ക്കൊപ്പം ഗസ്റ്റ് ഹൗസും യുപി സർക്കാർ നിർമിക്കും. ശ്രീരാമന്റെ ഡിജിറ്റല്‍ മ്യുസിയം ഉള്‍പ്പടെയുള്ളവ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. അയോദ്ധ്യയില്‍ ലൈബ്രറി, ഫുഡ് പ്ലാസ, പാര്‍ക്കിംങ്ങ് പോലുള്ള നിരവധി വികസന പദ്ധതി തയ്യാറാക്കുകയാണ് എന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
















