ദുബായ്: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 17 ചാരന്മാരെ പിടികൂടിയതായി ഇറാന്‍. പിടികൂടിയ ചിലരെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയതായും ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഐഎയുടെ ചാര ശൃംഖല തകര്‍ത്തെന്നും 17 പേരെ പിടികൂടിയെന്നും രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചതായി ദേശീയ ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.
സാമ്പത്തിക, ആണവ, മിലിട്ടറി, സൈബര്‍ മേഖലകളിലെ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചു വരികയായിരുന്നു പിടിയിലായവരെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ ലോകത്ത് ചാരവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള ഒരു വന്‍ ശൃംഖലയെ കണ്ടെത്തി പുറത്തുകൊണ്ടുവന്നുവെന്ന് ഇറാന്‍ ജൂണില്‍ അവകാശപ്പെട്ടിരുന്നു. പിടിയിലായവര്‍ ഇതുമായി ബന്ധപ്പെട്ടവരാണോ എന്നും സംശയമുണ്ട്.
അമേരിക്കന്‍ ചാര സംഘടനയിലെ ഉദ്യോഗസ്ഥരെ പിടികൂടിയെന്ന വാര്‍ത്തകൂടി പുറത്ത് വന്നതോടെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇറാന്റെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. ജിബ്രാള്‍ട്ടര്‍ തീരേേത്തക്ക് പോയ ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തെന്നാരോപിച്ച് ഹോര്‍മസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തിരുന്നു.
















