ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ഒരാളുടെ വര്‍ണം നിശ്ചയിക്കുന്നത്, നിശ്ചയിക്കേണ്ടത് എന്ന് ശാസ്ത്രങ്ങളില്‍ പറയപ്പെട്ടതാണ്. അതുതന്നെയാണ് രാക്ഷാധിപനായ രാവണന്റെ സഹോദരന്‍ വിഭീഷണന്റെ അവസ്ഥയും. ഒരെ മാതാവില്‍നിന്നും ജനിച്ചവരാണ് ഇരുവരുമെങ്കിലും വ്യത്യസ്ത സ്വഭാവഗതിക്കാരും ചിന്താഗതിക്കാരുമായിരുന്നു.
രാവണന്‍ തന്റെ ശക്തിയില്‍ അമിതമായി അഹങ്കരിച്ച രാക്ഷസനായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. രാജാവെന്ന നിലയില്‍ സര്‍വ്വം സ്വന്തം അധീനതയില്‍ വരുത്തുവാനുള്ള ശ്രമവും പ്രവൃത്തികളും അനുസ്യൂതം തുടര്‍ന്നു, സാത്വികരെ ശത്രുക്കളായി കരുതി ഉപദ്രവം ചെയ്തുകൊണ്ടേയിരുന്നു. അതിനിടെ രാമനു നേരെയും ശത്രുത്വം പുലര്‍ത്തുകയും ഉപദ്രവിക്കുകയും ചെയ്തു. അതിന്റെ ഫലമായി രാമന്റെ സഹധര്‍മ്മിണിയായ സീതാദേവിയെ ഹരിക്കാന്‍ പോലും മുതിര്‍ന്നു. അവിടുന്നങ്ങോട്ട് രാവണന്റെ അധോഗതിയുടെ കാലമായിരുന്നു.
സീതാദേവിയെ വിടാന്‍ വേണ്ടി ശുദ്ധ ചിന്താഗതിക്കാരനായ വിഭീഷണന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹോദരനെന്ന നിലയില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും അപകടാവസ്ഥ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രാവണന്‍ വീണ്ടുവിചാരമില്ലാതെ മിന്നോട്ടുപോയപ്പോള്‍ വിഭീഷണന്‍ അതിനു അനുകൂലിച്ചിരുന്നില്ല.
രാമരാവണയുദ്ധം നടന്ന സമയത്ത് രാവണസഹോദരനായ വിഭീഷണന്‍ രാമപക്ഷത്തായിരുന്നു നിലകൊണ്ടത്. സ്വാഭാവികമായും യുദ്ധത്തില്‍ ജയിച്ച രാമന്‍ രാജ്യം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതു കൈമാറിയത് വിഭീഷണനായിരുന്നു. ശ്രീരാമഭക്തനായ വിഭീഷണന്‍ രാമന്റെ അനുജ്ഞയനുസരിച്ച് ലങ്കാഭരണം ഏറ്റെടുത്തു. രാക്ഷസകുലത്തില്‍ ജനിച്ചവനെങ്കിലും കര്‍മ്മംകൊണ്ട് അതിനുപരിയെത്തിയ സല്‍സ്വഭാവിയായ വിഭീഷണന്‍ എന്നും മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: