തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ യൂണിയന് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ലോക്കല്‍ ബാറായി. എസ്എഫ്ഐയുടെ ക്രിമിനലുകള്‍ ഈ റൂമിനകത്താണ് തമ്പടിച്ചിരുന്നത്. സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവര്ക്കുള്ള ഒളിത്താവളംകൂടിയാണ് ഈ മുറി. സ്റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്ഐയ്ക്ക് യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയത്. ഇവിടെ വച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പിയും, ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ ഈ റൂമിലുണ്ട്. മദ്യപിച്ച ശേഷം ബിയര്‍ കുപ്പികള്‍ ക്യാമ്പസിനുള്ളിലേക്ക് എസ്എഫ്ഐക്കാര്‍ എറിയാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, പ്രിന്‍സിപ്പാളിനുമെതിരെയുള്ള പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കോളേജില്‍ റാഗിങ് വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നില്ല. ക്യാമ്പസ്സില്‍ അക്രസംഭവമുണ്ടായിട്ടും വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സിഐ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
എല്ലാ കോളേജിലും റാഗിങ് വിരുദ്ധ സ്ക്വാഡ് വേണമെന്നും അതില്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, ഇന്നുവരെ അങ്ങനെയൊരു കാര്യം കോളേജില്‍ നിന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. റാഗിങ് വിരുദ്ധ സ്ക്വാഡ് കോളേജില്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പൊലീസിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ മാസവും കോളേജുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറുണ്ട്. ഇക്കാര്യവും യൂണിവേഴ്സിറ്റി കോളേജില്‍ നടപ്പാക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഖിലിനെ ആക്രമിച്ചത് കൊല്ലമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ദീര്‍ഘനാളായുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നില്‍. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അഖില്‍ തയ്യാറായിരുന്നില്ലെന്നത് നേതാക്കളെ ചൊടിപ്പിച്ചിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുള്‍പ്പെടെ 40 വിദ്യാര്‍ഥികള്‍ക്കു മര്‍ദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എന്‍. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. മുന്‍പ് പാളയം ജംഗ്ഷനില്‍ പൊലീസുകാരെ തല്ലിയ കേസിലുള്‍പ്പെട്ടയാളാണു നസീം.
അതേസമയം, അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവിലെന്ന് പോലീസ് പറയുന്നത്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രതികള്‍ എത്താന്‍ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ പ്രതികളില്‍ ചിലര്‍ ഇന്ന് പോലീസില്‍ കീഴടങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: