പള്ളുരുത്തി: സര്‍ക്കാരിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ വേമ്പനാട്ട് കായലിന്റെ കൈവഴിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം. ഇടക്കൊച്ചി കായലിനോടു ചേര്‍ന്നുള്ള ഫിഷ് പോണ്ടിലാണ് വലിയ റോഡുനിര്മിച്ചും, കെട്ടിടങ്ങള്‍ക്കുള്ള തൂണും നിര്‍മിക്കുന്നത്. കായലിനു നടുവിലായി സ്ഥിതി ചെയ്യുന്ന 27 ഏക്കര്‍ വരുന്ന ഫിഷ്പോണ്ടിലാണ് നിര്‍മാണം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടികജാതി ക്ഷേമ സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ ചെമ്മീന്‍ കൃഷിയും മീന്‍ വളര്‍ത്തലും നടന്നിരുന്നു. പാട്ടക്കുടിശിക വരുത്തിയതിനെ തുടര്‍ന്ന് സഹകരണ സംഘത്തില്‍ നിന്ന് ഫിഷറീസ് വകുപ്പ് ഫിഷ് പോണ്ട് ഏറ്റെടുക്കുകയായിരുന്നു.
2016ല്‍ ഫിഷ് പോണ്ട് നവീകരണമെന്ന പേരില്‍ നടുക്കായലില്‍ വീതിയുള്ള റോഡു നിര്‍മിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി ടൂറിസം വകുപ്പുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വലിയ തൂണുകള്‍ ഫിഷ് പോണ്ടിനു ചുറ്റും നിര്‍മിച്ച് കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം ‘അഡാക്കി’നാണ് നിര്‍മാണച്ചുമതലയെങ്കിലും കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണ ജോലികള്‍ നടത്തുന്നത്.
ഫിഷ് പോണ്ടിനെ മോഡല്ഫിഷ് ഫാമാക്കി ഉയര്‍ത്തി മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അനുബന്ധ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനുമാണ് നീക്കമെന്നാണ് സൂചന. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടുക്കായലില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വ്യാപക ആക്ഷേപമാണ് ഉയരുന്നത്.
പരിസ്ഥിതിയെ തകര്‍ക്കുന്ന നിര്‍മാണങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍ കൊച്ചിയുടെ ഭാരവാഹികള്‍ ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: