കേരളം എല്ലാംകൊണ്ടും മികച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുകയാണെന്ന് തോന്നുന്നു. സാക്ഷരതയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒന്നാംസ്ഥാനത്തായ കേരളം മാനുഷികതയില്‍ ഇങ്ങേയറ്റത്താണെന്നത് പക്ഷേ, ആരും കാണുന്നില്ല. ഒന്നാംനമ്പര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വാഭാവികമായും ഒന്നാംസ്ഥാനം നിലനിര്‍ത്തണമല്ലോ. അതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ സര്‍ക്കാര്‍ തയാറാണുതാനും. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സുരക്ഷയും സൗകര്യവും, സാധാരണക്കാരന് കിട്ടണമെന്ന ആവശ്യം അതിമോഹമാണെന്ന് പറയേണ്ടിവരും. എന്നാലും സാധാരണക്കാരന്റെ പാര്‍ട്ടിയുടെ നേതാവിന് അസാധാരണമായ ചിലസൗകര്യങ്ങള് ചെയ്തുകൊടുക്കുമ്പോള്‍ സ്വാഭാവികമായും സംശയമുയരും.
അടുത്തിടെ മുഖ്യമന്ത്രിയുെടയും പരിവാരങ്ങളുടെയും യൂറോപ്യന്‍യാത്ര ബന്ധപ്പെട്ടവര്‍ ആഘോഷിക്കുകയാണുണ്ടായതെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. മുഖ്യമന്ത്രിക്ക് സ്വാഭാവികമായി ലഭിക്കുന്ന സുരക്ഷക്കുപുറമെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷയും നല്‍കുകയുണ്ടായത്രെ. സാധാരണഗതിയില്‍ കേട്ടുകേള്‍വിയില്ലാത്തതാണിത്. ഡിജിപിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ ഏജന്‍സിയുടെ സംരക്ഷണം ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോമറ്റോ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയോടും സംഘത്തോടും ഡിജിപിക്കുതോന്നിയ പ്രത്യേക താല്‍പ്പര്യമാണ് വിചിത്രമായ നടപടികള്‍ക്ക് ഇടവെച്ചത്. എംബസികളുടെ സഹായത്തോടെയാണ് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനായി ഖജനാവില്‍നിന്ന് 10 ലക്ഷത്തിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം നല്കിയ സുരക്ഷാചെലവിന് അദ്ദേഹത്തിന്റെ ഫണ്ടില്‍നിന്ന് പണം അനുവദിക്കാന്‍ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിടുകയും ചെയ്തു. സ്വാഭാവികമായും അത് അനുവദിക്കപ്പെടും. മറ്റുപല കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഡിജിപിക്കനുവദിച്ച ഫണ്ടാണ് നിര്‍ലജ്ജമായി ഇത്തരമൊരു കാര്യത്തിന് വിനിയോഗിച്ചത്.
നേരത്തെ പല മുഖ്യമന്ത്രിമാരും വിദേശത്ത് പോയിട്ടുണ്ട്. അപ്പോഴൊക്കെ അതാതിടത്ത് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉണ്ടാകാറ്. സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കേണ്ട ചുമതല അത്തരം രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അതിനുപുറമെയാണ് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തിയത്. അതിനുമാത്രം എന്ത് പ്രാധാന്യമാണ് കേരള മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും ഉള്ളതെന്ന് മനസ്സിലാവുന്നില്ല.
തെറ്റായ കീഴ്വഴക്കങ്ങള് ഉണ്ടാവുന്നെന്ന് മാത്രമല്ല ഇതിന്റെ പ്രശ്നം. പ്രളയദുരന്തം ഉള്‍പ്പെടെയുള്ളവയില്‍ കുടുങ്ങി നടുവൊടിഞ്ഞ ആയിരങ്ങള്‍ ആശ്വാസധനത്തിനായി ഗതികെട്ട് അലയുമ്പോഴാണ് ഇത്തരം ദുഷ്പ്രവണതകള്‍ അരങ്ങേറുന്നത്. ഡിജിപിയുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തുസൗകര്യവും അനുവദിക്കാമെന്ന് വരുന്നത് അപകടമാണ്. ഇത്തരം സ്വകാര്യ സുഖസൗകര്യങ്ങള്‍ക്ക് പൊതുഫണ്ട് വിനിയോഗിക്കുന്നത് അങ്ങേയറ്റത്തെ ക്രിമിനല്‍ കുറ്റമാണ്. ഇതിനെക്കുറിച്ച് ശരിക്കറിയുന്ന ഡിജിപിതന്നെ ഇത്തരം പ്രവൃത്തികള്‍ക്കായി മുന്നിട്ടിറങ്ങുമ്പോള്‍ ആ സേനയില്‍ എന്തൊക്കെ നടന്നുകൂട?
ഒരുഭാഗത്ത് മുഖ്യമന്ത്രിക്ക് സ്വകാര്യ സംരക്ഷണം ഏര്‍പ്പെടുത്തിയത് ഉയര്‍ന്നുവരുമ്പോള്‍ മുഖ്യമന്ത്രി ഏതൊക്കെ വിദേശരാജ്യങ്ങള്‍ എത്രതവണ സന്ദര്‍ശിച്ചുവെന്ന വിവരംപോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നത് ആശ്ചര്യമായിരിക്കുന്നു. ഇതുസംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് ഒരു എംഎല്‍എയ്ക്കു ലഭിച്ചത്. ഇത്തരം നിരുത്തരവാദസമീപനം സാധാരണക്കാരുടെ സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നത് എത്ര ഖേദകരമാണ്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’ എന്ന മുദ്രാവാക്യം ഇടതുമുന്നണിയെ മാത്രം കണക്കിലെടുത്താവും എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് വിധി എന്തുകൊണ്ടിങ്ങനെയായി എന്നതിന് കൂടുതല്‍ തെളിവുതേടി പോകേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: