ന്യൂദല്‍ഹി: എന്തിനും ഏതിനും വെല്ലുവിളിക്കുകയും ഒടുവില്‍ കാലുമാറുകയും ചെയ്യുന്ന മഹാന്മാരുള്ള നമ്മുടെ നാട്ടില്‍ വേറിട്ടൊരു മുഖമാണ് ഗുജറാത്തിലെ അംറേലി സ്വദേശി ഖിംചന്ദ് ചന്ദ്രാനി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞൊരു വാക്കു പാലിക്കാന്‍ അംറേലിയില്‍ നിന്ന് ദല്‍ഹി വരെ സൈക്കിള്‍ ചവിട്ടിയെത്തി ഖിംചന്ദ്.
ബിജെപി 300 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ താന്‍ ദല്‍ഹിയിലേക്ക് സൈക്കിളില്‍ പോയി മോദിയെയും അമിത് ഷായെയും അഭിനന്ദിക്കുമെന്ന് ഖിംചന്ദ് പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വന്നു. ബിജെപി 303 സീറ്റ് നേടി. ഒടുവിലിതാ ഖിംചന്ദ് ദല്‍ഹിയിലെത്തിയിരിക്കുന്നു. അന്ന് പറഞ്ഞതുപോലെ സൈക്കിളില്‍.
രാജ്‌കോട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അംറേലി ഗ്രാമവും ദല്‍ഹിയും തമ്മില്‍ 1100 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം 17 ദിവസം കൊണ്ടാണ് ഖിംചന്ദ് പിന്നിട്ടത്. ദല്‍ഹിയിലെത്തിയ ഖിംചന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ ദല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര നടത്തി ദല്‍ഹിയിലെത്തിയ അംറേലി സ്വദേശിയായ അസാധാരണ മനുഷ്യന്‍ ഖിംചന്ദ് ചന്ദ്രാനിയെ കണ്ടുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ഒപ്പം ഖിംചന്ദുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും അദ്ദേഹത്തിന്റെ യാത്രയുടെയും ചിത്രങ്ങളും മോദി പങ്കുവച്ചു.തെരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റിലധികം നേടിയാല്‍ സൈക്കിളില്‍ ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായെയും കണ്ട് അഭിനന്ദിക്കുമെന്ന് താന്‍ പ്രതിജ്ഞയെടുത്തിരുന്നതായി മോദിയെ കണ്ട ശേഷം ഖിംചന്ദ് പറഞ്ഞു. ഒരു ദിവസം 70 മുതല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിച്ചിരുന്നുവെന്നും ഖിംചന്ദ് കൂട്ടിച്ചേര്‍ത്തു.
















