തിരുവനന്തപുരം: ആയിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ദിനംപ്രതി ജോലിക്ക് വരികയും നൂറിലധികം വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ മാലിന്യ കൂമ്പാരം. ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ എത്തിയാല്‍ മൂക്കുപൊത്താതെ അകത്തേക്ക് പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുകളിലത്തെ നിലകളിലേക്ക് കടക്കുന്ന സ്റ്റെപ്പുകളില്‍ നിറയെ അഴുക്കും മനുഷ്യവിസര്‍ജ്യവുമാണ്. ലിഫിറ്റിനടുത്താണ് ടോയ്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ടോയ്‌ലെറ്റുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. അഞ്ഞൂറിലധികം വനിതാ ജീവനക്കാരാണ് വിവിധ വകുപ്പുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.
റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, കേരളാ സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, വിഎച്ച്എസ്‌സി ഡയറക്ടറേറ്റ്, എന്‍ട്രന്‍സ് കമ്മീഷണര്‍, സിഡ്‌കോ ഡയറക്ടറേറ്റ് തുടങ്ങി നിരവധി ഓഫീസുകളാണ് വിവിധ നിലകളിലായി ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷങ്ങളായി ഈ കെട്ടിടത്തിന്റെ അവസ്ഥ ഇങ്ങനെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. പതിനായിരങ്ങളാണ് ഓരോ വകുപ്പില്‍ നിന്നും വാടകഇനത്തില്‍ ഈടാക്കുന്നത്. എന്നിട്ടും ഇതിന്റെ നവീകരണപ്രവര്‍ത്തനങ്ങളോ ശുചീകരണപ്രവര്‍ത്തനങ്ങളോ നടത്താറില്ല. ദിനംപ്രതി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഈ കെട്ടിടത്തിന്റെ അവസ്ഥ ഇത്ര പരിതാപകരമാവില്ലായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ഈ കെട്ടിടമെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നിട്ടും ബന്ധപ്പെട്ടവരാരും ഇവിടെ തിരിഞ്ഞ് നോക്കാറില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് ഏതൊക്കെ നിലകളിലാണ് ഏതൊക്കെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള സൂചനാ ബോര്‍ഡും ഇല്ല. ഓരോ നിലകളിലായി കയറി ഇറങ്ങിയാണ് ജനങ്ങള്‍ ഓഫീസുകള്‍ കണ്ടുപിടിക്കുന്നത്. പല നിലകളിലും നടക്കാനായി ഉപയോഗിക്കുന്ന വഴിയിലാണ് കേടുവന്ന കസേരകളും മേശകളും ഒതുക്കിയിട്ടിരിക്കുന്നത്.
ഭരണപ്രതിപക്ഷ ഭേദമന്യേ വിവിധ യൂണിയനുകളുടെ പോസ്റ്ററുകള്‍ മാത്രമാണ് ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങളുടെ ആവശ്യം പോലും അധികൃതരുടെ മുന്നില്‍ കൊണ്ടുവരാന്‍ യൂണിയനുകള്‍ ശ്രമിക്കുന്നില്ല. കെട്ടിടത്തിന്റെ ഈ ദുരവസ്ഥ ആര് എപ്പോള്‍ ശരിയാക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരറിവില്ല.
















