പള്ളുരുത്തി: ചെല്ലാനം കടല്‍പ്പുറത്ത് പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോട്യൂബ് കടല്‍ഭിത്തിനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മുന്നോട്ട്.
ജിയോട്യൂബ് സംരക്ഷണഭിത്തിയുടെ നിര്‍മാണത്തിന് ജലസേചന വകുപ്പ് വീണ്ടും കരാര്‍വിളിച്ചു. തീരദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് വകുപ്പിന്റെ നടപടി. ഇതേ തുടര്‍ന്ന് തീരപ്രദേശത്ത് പ്രതിഷേധം രൂപപ്പെടുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും വഞ്ചിക്കുന്നുവെന്നാണ് പൊതു വിലയിരുത്തല്‍. കടല്‍ക്ഷോഭവും കടല്‍ കയറ്റവും ഉണ്ടാകുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ പിന്നെ മറക്കുന്നുവെന്ന് തീരവാസികള്‍ പറയുന്നു.
കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന അഞ്ചിടങ്ങളിലായി 1100 മീറ്റര്‍ ജിയോട്യൂബുകള്‍ സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജൂണ്‍ 27ന് ടെണ്ടറുകള്‍ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ എട്ട് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 12ന് ടെണ്ടര്‍ തുറക്കും.
ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിന് സര്‍ക്കാര്‍ എട്ട് കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് 2018 ജൂലൈയില്‍ നിര്‍മാണത്തിന് കരാര്‍ നല്‍കി. മുന്‍പരിചയമോ യന്ത്രസംവിധാനമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വ്യക്തിക്ക് കരാര്‍ നല്‍കിയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇത് വിവാദമായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ സമരങ്ങളുമായി രംഗത്ത് എത്തി. 2018 നവംബറില്‍ തീരേണ്ട ജോലികള്‍ പല തവണ നീട്ടി നല്‍കിയെങ്കിലും കരാറുകാരന്‍ പരാജയപ്പെട്ടു. മെയ് മാസത്തില്‍ കരാര്‍ റദ്ദുചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരെ തീരത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകള്‍ പറഞ്ഞു. വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടന്ന ചര്‍ച്ചയില്‍ തീരദേശവാസികളുടെ താല്‍പ്പര്യത്തിന് എതിരായ നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതും ലംഘിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ ക്രമക്കേടുകളും അഹിതമായിട്ടുള്ള ഇടപെടലുകളും നടക്കുന്നുവെന്നതിന്റെ സൂചനയാണ് സര്‍ക്കാറിന്റെ നിലവിലെ നിലപാടെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കുറ്റപ്പെടുത്തി.
















