തിരുവനന്തപുരം : ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് മന്ത്രി എം.എം മണി. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദി പോലീസ് മാത്രമല്ലെന്ന് പറഞ്ഞ മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കി. രാജ്കുമാറിനെ ആരുടെ കാറില്‍ നിന്നാണ് പിടികൂടിയതെന്ന് അന്വേഷിക്കണം. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചത് എസ്പിയുടേയും ഡിവൈഎസ്പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി അവഗണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി തൂക്കുപാലത്തെ വായ്‌പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് മരിച്ചത്.
















