കൊല്ലം: കേരളത്തില്‍ വ്യവസായികള്‍ക്ക് ആത്മഹത്യചെയ്യേണ്ട ഗതികേടാണെന്ന് മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ബിജെപി കൊല്ലം ജില്ലാ പ്രവര്‍ത്തകശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ സമാധാനമായി സംരംഭം തുടങ്ങാന്‍ സാധിക്കാത്തതുകൊണ്ടാണ് മലയാളികള്‍ അടക്കമുള്ളവര്‍ പുറത്ത് പോകുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ പുത്തന്‍ വ്യവസായലോകത്തെ തങ്ങളിലേക്ക് അടുപ്പിക്കുമ്പോള്‍ കേരളത്തില്‍ വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. മന്ത്രിമാരുടെ മൂക്കിന് താഴെ നടക്കുന്ന അഴിമതി പോലും കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്വന്തം നിലയ്‌ക്ക് പോക്കറ്റ് വീര്‍പ്പിക്കാനുള്ള നിലപാടാണ് ഇടതുവലത് മുന്നണികള്‍ക്ക്.
ആന്തൂരിലെ സംഭവം വെറും ഒറ്റപ്പെട്ടതല്ല. സമാന സാഹചര്യം ഇന്ന് നിരവധിയാളുകള്‍ക്ക് ഉണ്ട്. ഇത് കേരളത്തിലെ സര്‍ക്കാര്‍ മാത്രം അറിയുന്നില്ല. കേരളത്തിന്റെ മനസ് ഇന്നലെവരെയുള്ള ഭരണവര്‍ഗത്തെ വെറുത്തു. മാറിമാറി അഞ്ചുവര്‍ഷം കൂടുമ്പോള്‍ വന്ന് പോകുന്ന ഇവര്‍ നാട് മുടിക്കുന്നു. ടെക്‌നോപാര്‍ക്ക് അടക്കമുള്ള സംവിധാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ജനങ്ങള്‍ക്ക് പ്രതീക്ഷ ഇനി ദേശീയ ജനാധിപത്യമുന്നണിയിലാണ്. കേരളത്തില്‍ ബിജെപിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഐതിഹാസിക മുന്നേറ്റം അതിനുള്ള തെളിവാണ്. കുടുംബവാഴ്ചയ്‌ക്കും അക്രമത്തിനും അസഹിഷ്ണുതയ്‌ക്കുമെതിരെ ഉണ്ടായ വിധിയെഴുത്താണ് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. എതിരാളികള്‍ തൊടുത്ത് വിട്ട അസത്യപ്രചാരണങ്ങള്‍ക്ക് ജനം നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും കുമ്മനം പറഞ്ഞു.
















