കൊച്ചി : വിവാദ ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നതില്‍ എതിര്‍പ്പ് വ്യക്തമാക്കി വൈദികര്‍. ആലുവയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ചുള്ള പ്രമേയവും പാസ്സാക്കിയിട്ടുണ്ട്.
ജോര്‍ജ് ആലഞ്ചേരിയെ തന്നെ വീണ്ടും ചുമതലയേല്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ഉത്തരവിറക്കിയത്. ഇതോടെ താത്ക്കാലിക ചുമതലയുണ്ടായിരുന്ന മാര്‍ ജേക്കബ് മനന്തോടത്തിനെ മാറ്റി ജോര്‍ജ് ആലഞ്ചേരി രാത്രി തന്നെ അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇത് സഭയ്‌ക്കു തന്നെ അപഹാസ്യമായ നടപടിയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്‍ തീരുമാനം നടപ്പാക്കുന്നത് പരിഹാസമാണ്. വത്തിക്കാന്റേത് പ്രതികാര നടപടിയാണ്. ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തിയ ശേഷമാണ് ആലഞ്ചേരി ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്.
സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാന്‍ മാര്‍പ്പാപ്പ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വത്തിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ്ണ ഭരണച്ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
അതേസമയം ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരായി നിലപാടെടുത്ത സഹായ മെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ചുമതലകള്‍ നല്‍കാതെയാണ് നീക്കിയിരിക്കുന്നത്. ഈ നടപടിയെയും വൈദികര്‍ അപലപിച്ചു.
ഭൂമി വിവാദത്തില്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടും ഇതില്‍ നടപടിയെടുത്തു കൊണ്ടുള്ള വത്തിക്കാന്‍ ഉത്തരവും പുറത്തുവിടണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഉത്തരം തരുന്നത് വരെ നിസ്സഹകരണം തുടരും. അടുത്ത സിനഡ് ചേരുന്നത് വരെ പുതിയ സ്ഥലം മാറ്റം അടക്കമുള്ളവ നിര്‍ത്തിവെക്കണം എന്നും വൈദിക സമിതി ആവശ്യപ്പെട്ടു.
നേരത്തെ ഭൂമി വിവാദത്തിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭരണച്ചുമതല വഹിക്കാനായിരുന്നു മാര്‍ ജേക്കബ് മനന്തോടത്തോട് സഭ ആവശ്യപ്പെട്ടിരുന്നത്. സ്ഥാനമാറ്റ സൂചന ലഭിച്ചതിന് പിറകെ സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രതിഷേധ സൂചകമായി ബിഷപ്പ് ഹൗസ് വിട്ടിരുന്നു.
















