ടെഹ്‌റാന്‍ : ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. അന്തര്‍ദേശീയ വ്യോമ മേഖലയില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഗള്‍ മേഖലയിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇറാന്‍ വ്യോമപാത ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാര്‍ത്തിയിലേക്ക് കടന്ന അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇറാന്‍- അമേരിക്ക ബന്ധം ഏറെ വഷളായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് യാതൊരു കടന്നുകയറ്റവും അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി അതിനുശേഷം അറിയിക്കുകയും ചെയ്തു.
അതേസമയം ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരമായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തന്നെ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നു. എന്നാല്‍ വൈറ്റ്ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അമേരിക്ക ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധമുണ്ടായാല്‍ ഇറാനെ തുടച്ചുനീക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
















