വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത എഴുത്തുകാരി രംഗത്ത്.അമേരിക്കന്‍ ഫാഷന്‍ മാഗസിനിലെ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ട്രംപില്‍ നിന്നുണ്ടായ മോശം അനുഭവം പറഞ്ഞ് രംഗത്തെത്തിയത്.
1990 -കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇവര്‍ ആരോപിച്ചു. ‘ന്യൂയോര്‍ക്ക് മാഗസിന്‍’ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 1995നും 1996നും ഇടയിലാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു.
തന്റെ പെണ്‍സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്കായി ഒരു സ്യൂട്ട് തെരഞ്ഞെടുത്തു. അത് ധരിക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചപ്പോള്‍ ഡ്രസിങ് റൂമിലെത്തിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കരോളിന്റെ ആരോപണം. അന്ന് 52 വയസ് ഉണ്ടായിരുന്നുവെന്നും കരോള്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് തള്ളികളഞ്ഞു. ആരോപണങ്ങള്‍ എല്ലാം തന്നെ വ്യാജമാണ്. ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ല. സംഭവവമായി ബന്ധപ്പെട്ട് എതെങ്കിലും ഒരു ചിത്രമോ, വിഡിയോ ദൃശ്യമോ അന്ന് ആ മാളില്‍ സന്നിഹിതരായിരുന്ന ഒരാളുടെ മൊഴിയോ ഹാജാരാക്കാന്‍ സാധിക്കുമോയെന്നു ട്രംപ് വെല്ലുവിളിച്ചു. ഒരിക്കലും അത്തരമൊരു തെളിവ് നല്‍കാന്‍ സാധിക്കില്ല, കാരണം അങ്ങനെയൊരു സംഭവം നടന്നിട്ടില്ല ട്രംപ് പറഞ്ഞു.
ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തു വന്ന പതിനാറാമത്തെയാളാണ് ജീന്‍ കരോള്‍.
















