കണ്ണൂര്‍: സ്റ്റാലിന്റെ പിന്‍മുറക്കാരാണ് കേരളത്തില്‍ വികസനം മുടക്കുന്നതെന്നും ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതില്‍ സിപിഎം കണ്ണ് തുറക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. കണ്ണൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന പ്രക്രിയയില്‍ കേരളം എന്തു കൊണ്ട് പിന്തള്ളപ്പെട്ടു പോയെന്ന് നാം വിലയിരുത്തണം. സിപിഎം വോട്ട് ശതമാനം ഇന്ന് ഒരു ശതമാനത്തിലെത്തി നില്‍ക്കുന്നു. ‘കളിയെല്ലാം കഴിഞ്ഞ് ആശാനും വിളക്കും മാത്ര’മെന്ന് പറഞ്ഞത് പോലെയാണ് സിഎമ്മിന്റെ ഇന്നത്തെ അവസ്ഥ. നേതാക്കളുടെ ധിക്കാരവും ധാര്‍ഷ്ട്യവുമാണ് നാം കാണുന്നതെന്നും സിപിഎം ആത്മപരിശോധനയ്‌ക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന്റെ അതേ പ്രാധാന്യമുള്ള രാഷ്‌ട്രീയ വെല്ലുവിളിയായി അംഗത്വ കാമ്പയിനിനെ നാം കാണണം. 15 ലക്ഷം മെമ്പര്‍മാരാണ് കേരളത്തിലുള്ളത്. ദേശീയ രാഷ്‌ട്രീയത്തിലെ പ്രവണതകള്‍ക്കനുസൃതമായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയെടുക്കാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ ബിജെപി വളരുകയാണെന്ന് സിപിഎം കേന്ദ്രനേതൃത്വം തന്നെ വിലയിരുത്തുന്നു. ഇടത് വലത് മുന്നണിക്കിടയില്‍ നമുക്ക് ജയിക്കാന്‍ സാധിക്കുമെന്ന സാഹചര്യമാണുള്ളത്. മെമ്പര്‍ഷിപ്പുമായി ജാതി, മത, തൊഴില്‍ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങൡും ഇറങ്ങിച്ചെല്ലാന്‍ സാധിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















