മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താനും ബിനോയ് കോടിയേരിയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നുവെന്ന് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതി. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് വഞ്ചിച്ചതും തനിക്ക് ആ ബന്ധത്തില്‍ ഒരു കുട്ടിയുള്ളതായും കോടിയേരിയെ അറിയിച്ചു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാദ്ഗാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് അടക്കം പറഞ്ഞിരുന്നു. ബിനോയിയുടെ കുഞ്ഞിനെ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുവതിക്കൊപ്പം താമസിച്ചതിന് അടക്കമുള്ള എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബിനോയ് കോടിയേരിയുടെ കുടുംബവുമായും നേരിട്ട് ബന്ധമുള്ള കേസാണ് ഇതെന്ന് വെളിപ്പെടുത്തല്‍ കൂടി വരുന്നത്. ബിനോയ് കോടിയേരിയുമായി ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സാക്ഷിമൊഴികളും എല്ലാമായി എല്ലാ ദിവസവും യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തുന്നുമുണ്ട്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. മകന്‍ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎം കേന്ദ്ര നേതൃത്വത്തെ കൂടി പ്രതിരോധത്തില്‍ ആക്കിയ സാഹചര്യത്തിലാണ് കോടിയേരി രാജി സന്നദ്ധത അറിയിച്ചത്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോടിയേരിയുടെ മക്കള്‍ക്കെതിരെ ഇതിനു മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബിനോയ്‌ക്കെതിരെ പുതിയ ആരോപണം പുറത്തിറങ്ങിയതോട പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. പിണറായിയുമായി എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധതയറിയിച്ചെന്നുമാണ് വിവരം.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ഇക്കാര്യം അവതരിപ്പിക്കും. ബിനോയിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കോടിയേരിയുടെ ഫ്ളാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്‌ക്ക് എത്തിയിരുന്നു. ഈ സമയം തിരുവനന്തപുരത്തെ ശാന്തിഗിരി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി.
















