കണ്ണൂര്‍: കണ്ണൂര്‍: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പികെ ശ്യാമള രാജിവെച്ചു. സിപിഎം. ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരേ അച്ചടക്കനടപടിവേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ജനകീയ പ്രതിഷേധം ശക്തമായതോടെ ശ്യാമളയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കസേര തെറിക്കുമെന്ന് വ്യക്തമായതോടെയാണ് ശ്യാമള രാജിവെച്ചത്. എംവി ഗോവിന്ദന്‍ ഭാര്യയ്‌ക്ക് കസേര ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് രാജി.
കഴിഞ്ഞദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നഗരസഭാധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍, കടുത്ത വിമര്‍ശനമാണു ശ്യാമളയ്‌ക്കെതിരേ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് യോഗത്തില്‍ അവര്‍ കരയുകയും ചെയ്തു.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി ശ്യാമളയ്‌ക്കെതിരേ നടപടി ശിപാര്‍ശ ചെയ്തിരുന്നു. നഗരസഭാധ്യക്ഷയുടെ ഏകപക്ഷീയശൈലി പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നു യോഗം കുറ്റപ്പെടുത്തി. പ്രശ്നം അടുത്ത ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും.
പാര്‍ട്ടി അനുഭാവിയായ സാജന്‍ പാറയില്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരേ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കെട്ടിടാനുമതി പ്രശ്നത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സാജന് അനുകൂലമായി ഇടപെട്ടതും നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചതായി ഏരിയാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.ആന്തൂര്‍ വിഷയത്തില്‍ പ്രതിരോധത്തിലായതോടെ സിപിഎം ഇന്നു തളിപ്പറമ്പിലെ ധര്‍മശാലയില്‍ രാഷ്‌ട്രീയവിശദീകരണയോഗം വിളിച്ചിട്ടുണ്ട്. ഭാര്യ രാജിവെച്ചതോടെ ഈ യോഗത്തില്‍ എംവി ഗോവിന്ദന്‍ പങ്കെടുത്തേക്കില്ലന്നാണ് റിപ്പോര്‍ട്ട്.
















