ചേര്‍ത്തല: അലറിവരുന്ന തിരമാലകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ തകര്‍ന്നു തരിപ്പണമായി കിടക്കുന്നത് കടലിന്റെ മക്കളുടെ സ്വപ്നങ്ങളാണ്. 2018ലെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കടക്കരപ്പള്ളി പഞ്ചായത്ത് 14-ാം വാര്‍ഡ് ഒറ്റമശേരി പാണ്ഡ്യാലക്കല്‍ അംബ്രോസിന്റെയും സഹോദരന് കുഞ്ഞുമോന്റേയും വീടുകളുടെ അവശിഷ്ടങ്ങളാണിത്.
വീടുകള്‍ നഷ്ടപ്പെട്ടതോടെ രണ്ട് കുടുംബങ്ങളേയും അഴീക്കലെ സുനാമി കോളനിയിലേക്കാണ് കൊണ്ടുപോയത്. ആറ് മാസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നല്കി പുനഃരധിവസിപ്പിക്കാമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം.
സ്വന്തം വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തി ദുരിതങ്ങള്‍ക്കൊടുവില്‍ കുഞ്ഞുമോന് മരിച്ചു. രണ്ട് ദിവസങ്ങള്‍ മുന്‍പാണ് അംബ്രോസിന് സ്ഥലം കണ്ടെത്തി രജിസ്ട്രേഷന് കഴിഞ്ഞത്. സ്ഥലത്തിന് ആറുലക്ഷവും വീട് നിര്‍മ്മാണത്തിന് നാലുലക്ഷവും എന്ന തരത്തിലാണ് പുനഃരധിവാസത്തിന് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ തീരവാസികള്‍ ഇതിന് തയാറല്ല. ജനിച്ച നാടുവിട്ട് മാറി നില്‍ക്കേണ്ടി വന്നവര്‍ നരകയാതനകളാണ് അനുഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരെ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അഭികാമ്യമല്ല എന്നാണ് ഇവരുടെ പക്ഷം.
പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ടിന്റെ സംരക്ഷണത്തിനായി പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിച്ചതോടെയാണ് ഒറ്റമശേരിയില്‍ കടല്‍ക്ഷോഭം രൂക്ഷമായതെന്നാണ് വിമര്‍ശനം. മൂന്നു മാസമാസത്തിലേറെയായി വറുതിയുടെ പിടിയിലാണ് തീരം. ഇതിനിടെയാണ് ദിവസങ്ങളായി കടല്‍ക്ഷോഭം രൂക്ഷമായത്. പതിനഞ്ചോളം വീടുകളാണ് ഇവിടെ തകര്‍ച്ചാ ഭീഷണിയിലായത്. കടലിനോട് മല്ലടിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ കടലെടുക്കുമ്പോള്‍ ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ തളര്‍ന്നുപോകുകയാണ് ഇവര്‍.
ജീവനും സ്വത്തിനും സുരക്ഷ തേടി ഇനി ഏത് വാതിലാണ് മുട്ടേണ്ടതെന്നറിയാതെ വിഷമിക്കുകയാണ് കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യം.
















