കാക്കനാട്: വിഷരഹിത പച്ചക്കറികള്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറികളിലെ വിഷാംശം പരിശോധിക്കാന്‍ സ്വന്തമായി ലാബില്ല.
മൂന്നാര്‍, തൃശൂര്‍, പാലക്കാട്, ആലപ്പുഴയിലെ കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ കാക്കനാട്, ആലപ്പുഴ കേന്ദ്രങ്ങള്‍ വഴിയും വിവിധ ഏജന്‍സികള്‍ വഴിയുമാണ് വില്പന നടത്തുന്നത്. ഇങ്ങനെ സംഭരിക്കുന്ന പച്ചക്കറികളുടെ പരിശോധനാ ഫലം സ്വകാര്യ ലാബുകളില്‍ നിന്നു ലഭിക്കാന്‍ ഒന്നര മുതല്‍ രണ്ടര ആഴ്ച വരെ എടുക്കും.
അപ്പോഴേക്കും പരിശോധനക്കുള്ള സാമ്പിള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ചീത്തയാകും. ജൈവ പച്ചക്കറി കൃഷിക്കു പ്രോത്സാഹനം നല്കാന് വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു ന്യായമായ പ്രതിഫലം ലഭിക്കുന്നതിനുള്ള സൗകര്യമില്ലാത്തത് ചെറുകിട കര്‍ഷകരെ വിഷമിപ്പിക്കുന്നത്.
ഇതിനു പരിഹാരമായാണ് കാല്‍നൂറ്റാണ്ടു മുമ്പ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡവലപ്മെന്റ് കോഓര്‍ഡിനേഷന്‍ ആരംഭിച്ചത്. കിഴങ്ങ്, കാബേജ്, കാരറ്റ്, തക്കാളി, പടവലം, കോവയ്ക്ക, പാവയ്ക്ക, പഴവര്‍ഗങ്ങള്‍, ഏത്തക്കായ, ചെറുകായ മുതലായവ സംഭരിക്കുന്നത്.
എന്നാല്‍ ഉള്ളി, സവാള, ചെറുനാരങ്ങ, മുരിങ്ങ, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയവ കോയമ്പത്തൂര്‍, തിരുനെല്‍വേലി തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നയാണ്. ഇതാണ് ആലപ്പുഴ, എറണാകുളം തുടങ്ങിയ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ യഥാസമയം പരിശോധിക്കാത്തതു മൂലം വിഷരഹിത പച്ചക്കറി നല്‍കുമെന്ന ഹോര്‍ട്ടികോര്‍പ്പിന്റെ പ്രഖ്യാപനം നടപ്പിലാകുന്നില്ല.
















