മലയാള കാര്‍ട്ടൂണ്‍, ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മേനിനടിക്കുന്ന സര്‍ക്കാരും സാംസ്കാരിക നായകരുമുള്ള കേരളത്തില്‍ ഒരു കാര്‍ട്ടൂണിന് വിലക്കേര്‍പ്പെടുത്തുന്നതും കാര്‍ട്ടൂണിസ്റ്റിനെ കണ്ണുരുട്ടി ഭയപ്പെടുത്തുന്നതും. അക്കാദമി പുരസ്കാരം നേടിയ കാര്‍ട്ടൂണിസ്റ്റിനോട് നീ ഇന്നതു മാത്രമേ വരയ്ക്കാവൂ എന്നും തങ്ങള്‍ക്ക് ഹിതമല്ലാത്തതൊന്നും വരയ്ക്കരുതെന്നും സാംസ്കാരിക വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെ കല്പ്പിക്കുന്നു.
കെ.കെ. സുഭാഷ് എന്ന യുവ കാര്‍ട്ടൂണിസ്റ്റിന് നല്കിയ ലളിതകലാ അക്കാദമി പുരസ്കാരം പുനഃപ്പരിശോധിക്കണമെന്ന മന്ത്രിയുടെ ആജ്ഞ നടപ്പിലാക്കാനുള്ള അക്കാദമി ഭാരവാഹികളുടെ തീരുമാനം, നൂറാം വയസ്സിലെത്തി നില്ക്കുന്ന മലയാള കാര്‍ട്ടൂണിനെ ആക്ഷേപിക്കലാണ്. മണ്മറഞ്ഞു പോയ നിരവധിയായ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെ അപമാനിക്കലാണ്. എന്തിനും ഏതിനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രംഗത്തുവരുന്ന കേരളത്തിലെ സാംസ്കാരിക സമൂഹം ഇതൊന്നും കാണാതെ എവിടെപ്പോയൊളിച്ചു?
1919ല്‍ വിദൂഷകന് മാസികയില്‍ പ്രസിദ്ധീകരിച്ച ‘ക്ഷാമദേവത’ എന്ന കാര്‍ട്ടൂണില്‍ തുടങ്ങിയ മലയാള കാര്‍ട്ടൂണിന്റെ ചരിത്രം സംഭവബഹുലമാണ്. ‘ക്ഷാമദേവത’യുടെ വിഷയം യുദ്ധകാലത്തെ ക്ഷാമമായിരുന്നു. പിന്നീടിങ്ങോട്ട് മലയാള കാര്‍ട്ടൂണിന് വസന്തകാലമാണ്. നിരവധി പ്രതിഭാശാലികളായ കാര്‍ട്ടൂണിസ്റ്റുകള്‍ രംഗത്തുവന്നു. അഴിമതിക്കും അരാജകത്വത്തിനുമെതിരായ പടവാളായിരുന്നു ഓരോ വരയും. ആരെയും വിമര്‍ശിക്കാവുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികയ്ക്ക് കഠാരയേക്കാള്‍ മൂര്‍ച്ചയുണ്ട്. അതിന്റെ മുറിവേല്‍ക്കാത്തവരായി ആരുമില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മതവും ജാതിയും എന്നുവേണ്ട ജുഡീഷ്യറിയെപ്പോലും കാര്‍ട്ടൂണിസ്റ്റുകള്‍ വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ഭീകരത ഫണം വിരിച്ചുനിന്ന കാലത്തുപോലും മലയാള കാര്‍ട്ടൂണിസ്റ്റുകള്‍ വിമര്‍ശനശരങ്ങള്‍ തൊടുത്തു. ഇന്ദിരാഗാന്ധിയെപ്പോലും അവര്‍ വെറുതേവിട്ടില്ല.
അടിയന്തരാവസ്ഥക്കാലത്ത് അബു എബ്രഹാം വരച്ച കാര്‍ട്ടൂണ്‍ ഏറെ പ്രശസ്തമാണ്. അന്ന് രാഷ്ട്രപതിയായിരുന്ന ഫക്രുദീന്‍ അലി അഹമ്മദ്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊടുത്തയക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതാണ് വിഷയം. ബാത്ത് ടബ്ബില്‍ കിടന്ന് ഇനി ഒപ്പിടാനുണ്ടോ എന്ന ചോദ്യവും രാഷ്ട്രപതി ചോദിക്കുന്നുണ്ട്. റബ്ബര്‍ സ്റ്റാമ്പുകളാവുന്ന ഭരണാധികാരികളെയും ജനാധിപത്യ ധ്വംസനങ്ങളെയും പറ്റിയുള്ള ഈ കാര്‍ട്ടൂണ്‍ നല്ല കാര്‍ട്ടൂണുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്നും ഇടം നേടാറുണ്ട്. അബു ഏബ്രഹാമും ശങ്കറും കെ.എസ്. പിള്ളയും ശിവറാമും ഒ.വി. വിജയനും പി.കെ. മന്ത്രിയും കുട്ടിയും ഇ.പി. ഉണ്ണിയും ജി. അരവിന്ദനും ബി.എം. ഗഫൂറും സുകുമാറും ടോംസും യേശുദാസനുമെല്ലാം ഉഴുതുമറിച്ച ഭൂമിയില്‍ തന്നെയാണ് 2019ലും കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചുകൊണ്ടിരിക്കുന്നത്. സര്‍വ്വ പ്രതാപിയായി അടക്കിവാണിരുന്ന ഇന്ദിരാഗാന്ധിയെ പോലും ഭയപ്പെടാതെ കാര്‍ട്ടൂണ്‍ വരച്ചവരുടെ പരമ്പരയില്‍ തന്നെയാണ് അത്രയൊന്നും പ്രശസ്തനല്ലെങ്കിലും കെ.കെ. സുഭാഷും വന്നുപെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ എന്തിനും സ്വാതന്ത്ര്യമുണ്ടെന്നാണ് വിവക്ഷ. പക്ഷേ, എല്ലാവരുടെയും സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്‍തുമ്പത്ത് അവസാനിക്കുന്നു എന്നൊരു ചൊല്ലുമുണ്ട്. മൂക്കില്‍ തൊട്ടുകഴിയുമ്പോള്‍ അത് സ്വാതന്ത്ര്യമല്ലാതെയാകും. അങ്ങനെ ചിലരെല്ലാം മൂക്കില്‍ തൊട്ടപ്പോള്‍, ഇപ്പോള്‍ കാര്‍ട്ടൂണിനെതിരെ രംഗത്തുവന്ന സാംസ്കാരിക വകുപ്പുമന്ത്രി എവിടെയായിരുന്നു?. വിദ്യാദേവതയായ സരസ്വതീ ദേവിയെ നഗ്നയാക്കി ചിത്രീകരിച്ച എം.എഫ്. ഹുസൈനെതിരെ ഹൈന്ദവ വിശ്വാസികള്‍ രംഗത്തുവന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് ചിത്രകാരനെ പിന്തുണയ്ക്കുകയല്ലേ മന്ത്രിയുടെ പാര്‍ട്ടി ചെയ്തത്. സിപിഎം നേതാവും ക്രിസ്ത്യാനിയും അതിലുപരി ‘ബുദ്ധിജീവിയുമായ’ എം.എ. ബേബിക്ക് സരസ്വതീദേവിയുടെ നഗ്നചിത്രം മഹത്തായ കലാസൃഷ്ടിയായിരുന്നു.
1980കളില്‍ വേദികളിലെത്തിയ, ഹൈന്ദവ ആരാധനാ സമ്പ്രദായത്തെയും വിശ്വാസത്തെയും വളരെയധികം ഇകഴ്ത്തിക്കെട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രമേയമുള്ള കെപിഎസിയുടെ ‘ഭഗവാന് കാലുമാറുന്നു’, ‘വിഷ സര്‍പ്പത്തിനു വിളക്കുവയ്ക്കരുത്’ എന്നീ രണ്ട് നാടകങ്ങള്‍ക്കെതിരെ വിശ്വാസിസമൂഹം ശക്തമായി രംഗത്തുവന്നപ്പോള്‍ വിശ്വാസികളുടെ പക്ഷം ചേരാന്‍ അധികാരികളോ രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നില്ല. നാടകത്തിനെതിരായ പ്രതിഷേധം ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നാണ് അവരെല്ലാം വാദിച്ചത്.
എന്നാല്‍ െ്രെകസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് ഇരയായ ആലപ്പുഴ സൂര്യകാന്തി തീയറ്റേഴ്സിന്റെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിന്റെ വിധി മറ്റൊന്നായിരുന്നു. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും നാടകകൃത്തും സംവിധായകനുമായ പി.എം. ആന്റണിക്കെതിരെ വിമോചന സമരകാലത്തെന്ന പോലെ പ്രകടനം നയിച്ച് തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നാടകത്തിനൊപ്പം നില്ക്കാനായില്ല. ക്രിസ്തുവിനെയും െ്രെകസ്തവ വിശ്വാസങ്ങളെയും ഹനിക്കുന്നതാണ് നാടകമെന്നാരാപിച്ച് അത് നിരോധിച്ചു.
ഇപ്പോഴും സംഭവിക്കുന്നത് അതുതന്നെയല്ലേ?. ലളിതകലാ അക്കാദമി ഈ വര്‍ഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിനെതിരെ പടനയിക്കുന്നവരുടെ മുന്നില്‍ മുട്ടുമടക്കി, ആവിഷ്കാര സ്വാതന്ത്ര്യത്തെ മറന്നിരിക്കുന്നു സിപിഎമ്മും സാംസ്കാരിക വകുപ്പു മന്ത്രിയും. അതിന് വ്യക്തമായ കാരണവുമുണ്ട്. വിശ്വാസത്തെ നിന്ദിച്ചു എന്ന് പറഞ്ഞിരിക്കുന്നത് ഹൈന്ദവരല്ല. ന്യൂനപക്ഷങ്ങളാണ്. ക്രൈസ്തവ മതമേലധ്യക്ഷന്മാരാണ്! അപ്പോള്‍ പിന്നെ മതേതര സര്‍ക്കാരിന് ഭയപ്പെടാതിരിക്കാനാകുമോ?. ന്യൂനപക്ഷ മതങ്ങള്‍ക്കെതിരെ ആരും ഒന്നും പറയരുത്. ആരും ഒന്നും എഴുതരുത്. ഒരു കാര്‍ട്ടൂണ്‍ പോലും വരയ്ക്കരുത്. അങ്ങനെ വന്നാല്‍ ഞങ്ങള്‍ ഇടപെടും. നടപടിയെടുക്കും. നല്കിയ പുരസ്കാരം തിരികെ വാങ്ങും. വരയ്ക്കാനുപയോഗിച്ച കൈകള്‍ വെട്ടിമാറ്റും.
ഇതു തന്നെയല്ലേ തൊടുപുഴയിലെ ജോസഫ്സാറിനും സംഭവിച്ചത്. ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന് എഴുതിപ്പോയതിനാണ് അദ്ദേഹത്തിന്റെ കൈകള്‍ ഇസ്ലാമിക ഭീകരര്‍ വെട്ടിയടുത്തത്. പവിത്രന്തീക്കുനിയെന്ന ഇടതുപക്ഷാഭിമുഖ്യമുള്ള കവിക്ക് തന്റെ ‘പര്‍ദ്ദ’ എന്ന കവിത പിന്‍വലിക്കേണ്ടിവന്നതും ഭയന്നാണ്. കൈവെട്ടിമാറ്റപ്പെടുമോ എന്ന ഭയം. അന്ന് ഇസ്ലാമിക ഭീകരര്‍ ജോസഫ് സാറിനോട് ചെയ്ത താലിബാനിസം തന്നെയാണ് ഇന്ന് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് കെ.കെ. സുഭാഷെന്ന കാര്‍ട്ടൂണിസ്റ്റിനോടും ചെയ്യുന്നത്. കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ വിഷയമാക്കി സുഭാഷ് വരച്ച കാര്‍ട്ടൂണ്‍ വിലക്കാന്‍ സര്‍ക്കാര്‍ തുനിയുമ്പോള്‍ നടപ്പാക്കപ്പെടുന്നത് താലിബാനിസമാണ്. കാര്‍ട്ടൂണിസ്റ്റിന്റെ കൈകള്‍ വെട്ടിമാറ്റുന്നു. കാര്‍ട്ടൂണിലെ പ്രതിയുടെ മുഖം ബിഷപ്പ് ഫ്രാങ്കോയുടേതാണെന്നതാണ് ഇടതുപക്ഷമതേതര സര്‍ക്കാരിനെ രോഷംകൊള്ളിക്കുന്നത്.
ഏതു ഫാസിസ്റ്റ് സര്‍ക്കാരും ചെയ്യുന്നതാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ചെയ്തു കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഹിതമല്ലാത്തതിനെ ഇല്ലായ്മചെയ്യുക! ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഇതുതന്നെ ചെയ്യുന്നു. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ ‘വിന്നി ദി പൂഫിന്’ ചൈനയില്‍ നിരോധനമേര്‍പ്പെടുത്തിയത് അടുത്തകാലത്താണ്. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു തമാശയാണ് ചൈനീസ് സര്‍ക്കാര്‍ ഈ കാര്‍ട്ടൂണ്‍ നിരോധിക്കാന്‍ കാരണമായത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിന്റെയും ഈ കാര്‍ട്ടൂണിലെ കരടിക്കുട്ടന്റെയും നടത്തം താരതമ്യം ചെയ്താണ് തമാശ പ്രചരിച്ചത്. എന്നാല്‍ ഇത് ചൈനീസ് സര്‍ക്കാരിനെ പ്രകോപിതരാക്കി. വിലക്കേര്‍പ്പെടുത്തിയതോടെ ചൈനയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ഈ കാര്‍ട്ടൂണ്‍ അപ്രത്യക്ഷമാകുകയും ചെയ്തു.
കെ.കെ. സുഭാഷ് ഒരു മതത്തെയും അവഹേളിച്ചിട്ടില്ല. തികച്ചും രാഷ്ട്രീയമായ കാര്‍ട്ടൂണാണ് അദ്ദേഹത്തിന്റേത്. പുരസ്കാരം നല്കാന് തീരുമാനിച്ച ജൂറിയും അത് വ്യക്തമാക്കിയിട്ടുണ്ട്. പി.സി. ജോര്‍ജ്ജും സിപിഎമ്മിലെ പീഡന പ്രതി പി.കെ. ശശിയും കാര്‍ട്ടൂണിലെ കഥാപാത്രങ്ങളുമാണ്. വിലക്കുകളുടെയും നിരോധനത്തിന്റെയും ഉമ്മാക്കികള്‍ കാട്ടിയാല്‍ ഏതെങ്കിലുമൊരു കാര്‍ട്ടൂണിസ്റ്റിന്റെ കൈകള്‍ക്ക് വിലങ്ങിടാമെന്ന ധാരണ മന്ത്രിയുടെ മണ്ടത്തരമാണ്. അതിലേറെ ശ്രദ്ധേയം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലായ്പ്പോഴും രംഗത്തുവരാറുള്ള സച്ചിതാന്ദന്മാരും സക്കറിയമാരും ദേവികമാരുമൊന്നും മാളത്തില്‍ നിന്നു പുറത്തുവന്നതേയില്ല എന്നതാണ്. അവരെല്ലാം എകെജി സെന്ററിലെ അടുക്കളപ്പുറത്ത് പരതിനടക്കുകയാണ്, എച്ചില് പാത്രങ്ങള്‍ വരുന്നതും നോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: