കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ പ്രതികളായ വൈദികര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. കേസിലെ പ്രതികളായ ഫാ. പോള്‍ തേലക്കാട്ടിനും, ഫാ. ആന്റണി കല്ലൂക്കാരനും വ്യാജരേഖ നിര്‍മിച്ചതായി പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന നിരീക്ഷണത്തിലാണ് ജാമ്യം. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
കൂടാതെ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം എന്നതുള്‍പ്പടെയുള്ള കര്‍ശ്ശന ഉപാധിയും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. അതേസമയം പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യമെന്തെന്ന് ചോദിച്ച കോടതി, പോലീസ് വിശദമായി ഇരു വൈദികരെയും ചോദ്യം ചെയ്തതാണ്. എന്നിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല അതിനാല്‍ വ്യാജരേഖ നിര്‍മിച്ചുവെന്ന ഐപിസി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ലെന്നും അറിയിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ് ജോസഫ് വ്യക്തമാക്കി.
















