ലണ്ടന്‍: പാക്കിസ്ഥാന്‍ പ്രവചനാതീതമായ ടീമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. തുടര്‍ച്ചയായി പതിനൊന്ന് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ പാക്പട ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്നു. ആതിഥേയരും ലോകകപ്പിലെ ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ പതിനാല് റണ്‍സിന് പാക്കിസ്ഥാന്‍ വീഴ്‌ത്തി.
പേസര്‍മാരായ മുഹമ്മദ് അമീറും വഹാബ് റിയാസും ഡെത്ത്് ഓവറുകളില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 349 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇംഗ്ലണ്ട് വിജയപ്പടിവാതുക്കലെത്തി പിടിഞ്ഞുവീഴുകയായിരുന്നു. ജോ റൂട്ടും (107), ജോസ് ബട്‌ലറും (103) സെഞ്ചുറി കുറിച്ചിട്ടും ആതിഥേയര്‍ക്ക് വിജയം എത്തിപ്പിടിക്കാനായില്ല.
മുഹമ്മദ് അമീര്‍ പത്ത് ഓവറില്‍ 67 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. വഹാബ് റിയാസ് പത്ത് ഓവറില്‍ 82 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എടുത്തു. 84 റണ്‍സ് നേടി പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോററാകുകയും ഏഴ് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത മുഹമ്മദ് ഹഫീസാണ് കളിയിലേ കേമന്‍. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 348, ഇംഗ്ലണ്ട്: 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 334.
പാക്കിസ്ഥാന് മധുരപ്രതികാരമായി ഈ വിജയം. ലോകകപ്പിന് മുന്നോടിയായി നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ അനായാസം കീഴ്‌പ്പെടുത്തിയിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാന്‍ തോറ്റു. വിന്‍ഡീസ് പേസ് നിരയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിനാണ് തോറ്റത്.
വിന്‍ഡീസിനെതിരെ തകര്‍ന്നടിഞ്ഞെങ്കിലും ഇംഗ്ലണ്ടിനെതിരെ ടീം ശക്തമായി തിരിച്ചുവന്നെന്ന് പാക് ഫാസ്റ്റ് ബൗ്്‌ളര്‍ ഹസന്‍ അലി പറഞ്ഞു.
















