മൂവാറ്റുപുഴ: റഷ്യയില്‍ ഈ മാസം നടക്കുന്ന ഗ്രനാക്ടിന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മൂവാറ്റുപുഴ സ്വദേശി ബൂട്ടണിയും. മൂവാറ്റുപുഴ കല്ലില്‍മൂട്ടില്‍ മുജീബിന്റെയും നസ്രീനയുടെയും മകനായ മുഹമ്മദ് റാഫിയാണ് ഇന്ത്യന്‍ കുപ്പായമണിഞ്ഞ് റഷ്യയിലേക്ക് പുറപ്പെട്ടത്.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൂവാറ്റുപുഴ ആറ്റുവേലില്‍ അക്കാദമിയിലെ പരിശീലകനായ അശോകന്‍ ആറ്റുവേലിയാണ് റാഫിയിലെ ഫുട്‌ബോള്‍ കളിക്കാരനെ തിരിച്ചറിഞ്ഞതും ശിക്ഷണം നല്‍കിയതും. ഫുട്‌ബോള്‍ കളിക്കാരനായ പിതാവ് മുജീബ് കൂടുതല്‍ പരിശീലനത്തിനായി മുഹമ്മദ് റാഫിയെ മൂവാറ്റുപുഴയിലെ തര്‍ബിയത്ത് സ്‌കൂളിലേക്ക് മാറ്റി.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ഇതിനിടയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ നടത്തിയ യങ് ചലഞ്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കഴിവ് തെളിയിച്ചതോടെ സ്‌പെയിനിലേക്ക് പറന്നു. മാഡ്രിഡില്‍ ഒരുമാസകാലത്തെ പരിശീലനം പൂര്‍ത്തിയാക്കിയതോടെ റാഫി ശ്രദ്ധേയനായി. തുടര്‍ന്ന് മലപ്പുറത്തെ എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം. തൊട്ടുപിന്നാലെ ബെംഗളൂരു എഫ്‌സിയില്‍ രണ്ട് കൊല്ലത്തെ കഠിനപരിശീലനം.
















