ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. വ്യാജ ഇ-മെയില്‍ സന്ദേശം വഴി ഒരു ലക്ഷം രൂപയാണ് ജസ്റ്റിസ് ലോധയില്‍ നിന്ന് തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ലോധ ശനിയാഴ്ച അസിസ്റ്റന്റ് കമ്മീഷണറെയും സൈബര്‍ സെല്ലിനെയും സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ലോധയുടെ സുഹൃത്തും റിട്ട. ജഡ്ജുമായ ബി.പി. സിങ്ങിന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത്, അടിയന്തിരമായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കുറ്റവാളികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇമെയില്‍ വഴി താന്‍ നിരന്തരം ബി.പി. സിങ്ങുമായി ബന്ധപ്പെട്ടിരുന്നു. അത്തരത്തില്‍ ലഭിച്ച ഒരു സന്ദേശത്തിലൂടെയാണ് കബളിപ്പിക്കപ്പെട്ടത്, ലോധ പരാതിയില്‍ പറഞ്ഞു.
ബന്ധുവിന്റെ ചികിത്സയ്‌ക്ക് പണം വേണമെന്നും ടെലിഫോണില്‍ ബന്ധപ്പെട്ടിട്ട് ലഭിക്കാത്തതിനാലാണ് മെയില്‍ അയയ്‌ക്കുന്നതെന്നും കുറ്റവാളികള്‍ വിശ്വസിപ്പിച്ചു. ഉടന്‍ അവര്‍ പറഞ്ഞ അക്കൗണ്ട് നമ്പറില്‍ ഓണ്‍ലൈനിലൂടെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു, ലോധ പറഞ്ഞു.
മെയ് മുപ്പതിനാണ് ഹാക്ക് ചെയ്യപ്പെട്ട ഇ-മെയില്‍ ഐഡി ബി.പി. സിങ്ങിന് തിരികെ ലഭിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 18, 19 ദിവസങ്ങൡ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന വിവരം ഇ മെയിലിലൂടെ സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരെയെല്ലാം സിങ് അറിയിച്ചു. തുടര്‍ന്നാണ് തനിക്ക് പണം നഷ്ടമായ വിവരം ലോധ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ജസ്റ്റിസിന്റെ പരാതിയില്‍ ഐടി ആക്ട്, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തെന്നും കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
















