ന്യൂദല്‍ഹി: കേരളത്തിലെ ചില കൃസ്തീയ സഭകളിലെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തെ ബാധിക്കുന്ന തലത്തില്‍ എത്തിയ സാഹചര്യത്തില്‍ കോടതിയുടെയും സര്‍ക്കാരിന്റെയും മധ്യസ്ഥ ശ്രമങ്ങളോട് സഹരിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
ഐക്യം, അച്ചടക്കം, ആശയടക്കം എന്നിവ വിശ്വാസികളെ പഠിപ്പിക്കുന്ന സഭാ നേതൃത്വങ്ങള്‍ പരസ്പരം പോരടിച്ചു അപഹാസ്യരാകുന്നത് അവസാനിപ്പിക്കണം. ഒരു സഭയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയെ മധ്യസ്ഥനാക്കുന്നതിന് ഹൈക്കോടതി ശ്രമിച്ചപ്പോള്‍ സഭാ നേതൃത്വം അത് ഒഴിവാക്കിയത് ഖേദകരമാണ്.
സഭാ തര്‍ക്കത്തിന്റെ പേരില്‍ ശവശരീരങ്ങളെപ്പോലും അപമാനിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന മറ്റൊരു സഭയിലെ പ്രശ്‌നത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മധ്യസ്ഥതക്ക് ശ്രമിച്ചപ്പോഴും അതിനോട് സഹകരിക്കാതെ മാറി നില്‍ക്കുന്നത് കൃസ്തീയ വിശ്വാസത്തിന് യോജിക്കാത്തതാണ്.
ലോകം മുഴുവനും കൃസ്തീയ സഭകള്‍ ആഗോള ഭീകരവാദത്തില്‍ നിന്നും ഭീഷണി നേരിടുന്ന അവസരത്തില്‍ കേരളത്തിലെ സഭകള്‍ സ്വത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കലഹിക്കാതെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. സഭാ നേതൃത്വങ്ങളിലെ വാശിയും വൈരാഗ്യവും വിശ്വാസികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സഭാ തലപ്പത്ത് ഉണ്ടാകുന്ന കലഹം വിശ്വാസികളില്‍ ഉണ്ടാക്കുന്ന വേദനയും അരക്ഷിതാ ബോധവും സഭാ നേതാക്കള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
















