ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സിയാച്ചിനിലെത്തി. മന്ത്രിയായതിനു ശേഷം ദല്‍ഹിക്കു പുറത്തെ ആദ്യ സന്ദര്‍ശനം. ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്ന, ലോകത്തെ ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഏറ്റവും പ്രതികൂല സാഹചര്യം നേരിട്ട് ഇവിടെ സേവനമനുഷ്ഠിക്കുന്ന സൈനികരോടൊപ്പം സമയം ചെലവഴിച്ച അദ്ദേഹം, അവര്‍ക്കൊപ്പമുള്ള ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചു.
ഒരു ഫോര്‍വേഡ് പോസ്റ്റും സിയാച്ചിന്‍ ബേസ് ക്യാമ്പും അദ്ദേഹം സന്ദര്‍ശിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്നറിയപ്പെടുന്ന ഇവിടെ സേവനമനുഷ്ഠിക്കുന്ന സൈനികരുമായി സംസാരിച്ചു, പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ശൈത്യകാലത്ത് മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുന്ന ഇടമാണിത്.
മാതൃരാജ്യത്തെ ശത്രുരാജ്യങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ എന്തിനും തയാറാകുന്ന സിയാച്ചിനിലെ സൈനികരില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യസേവനത്തിന് സൈന്യത്തില്‍ ചേരാന്‍ അവരെ അനുവദിച്ച മാതാപിതാളെക്കുറിച്ചും അഭിമാനമുണ്ട്. അവരെ വ്യക്തിപരമായി നന്ദി അറിയിക്കുന്നു, അദ്ദേഹം ട്വീറ്റ് ചെയ്തു.
സിയാച്ചിനില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. 1100ല്‍ പരം സൈനികരാണ് ഇവിടെ ജീവത്യാഗം ചെയ്തത്. രാജ്യം അവരുടെ സേവനത്തിനും ത്യാഗത്തിനും മുന്നില്‍ എന്നും കടപ്പെട്ടിരിക്കും, പ്രതിരോധമന്ത്രി പറഞ്ഞു.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വ്യോമസേനയുടെ ഇവിടത്തെ സേവനങ്ങളടക്കം പതിവ് സൈനിക നീക്കങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതിരോധമന്ത്രിയോട് വിവരിച്ചു. വൈകിട്ട് ശ്രീനഗറിലെ സൈനികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
1984ല്‍ പാക് സൈന്യത്തെ തുരത്താന്‍ മേഘ്ദൂത് ദൗത്യം നടപ്പിലാക്കിയതു മുതല്‍ സിയാച്ചിനില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തണുപ്പേറിയ യുദ്ധഭൂമി കൂടിയാണ് സിയാച്ചിന്‍.
ശൈത്യകാല ശാരീരിക ബുദ്ധിമുട്ടുകള്‍, ശക്തമായ കാറ്റ്, ഹിമപാതം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സിയാച്ചിനിലെ സൈനികര്‍ മാതൃരാജ്യത്തിന് വേണ്ടി അതിര്‍ത്തി കാക്കുന്നത്.
















