ന്യൂദല്‍ഹി : റോബര്‍ട് വാദ്രയ്‌ക്ക് ലണ്ടനില്‍ പോകാന്‍ കോടതി അനുമതി നിഷേധിച്ചു. വാദ്രയുടെ ലണ്ടന്‍യാത്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് ദല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി അനുമതി നിഷേധിച്ചത്.
എന്നാല്‍ പകരം യുഎസ്എയിലും നെതര്‍ലാന്‍ഡിലും പോകാന്‍ അനുവദിക്കണമെന്ന് വദ്രയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതില്‍ കോടതി അനുമതി നല്‍കി. ആറുദിവസത്തേയ്‌ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ചികിത്സാ ആവശ്യങ്ങള്‍ക്കായി ലണ്ടനില്‍ പോകുന്നതിന് പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നാണ് വാദ്ര കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റായിരുന്നു വദ്രയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചത്. വന്‍കുടലില്‍ ട്യൂമറിന് ചികില്‍സക്കായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം.
ഇതിനായി ഗംഗാറാം ആശുപത്രി മെയ് 13 ന് നല്‍കിയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ഇത്രയും വൈകി എന്തു കൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചു. മാത്രമല്ല, ഇന്ത്യയില്‍ ഇതിന് മികച്ച ചികില്‍സ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന്‌ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. എന്നാല്‍ ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ഉപദേശം സ്വീകരിക്കണം എന്നാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു വദ്രയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
















