ചമസാധികരണത്തിലെ അടുത്ത രണ്ട് സൂത്രങ്ങളാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.
സൂത്രം ജ്യോതിരുപക്രമാ തു തഥാ ഹ്യധീയത ഏകേ
അഗ്നിമുതലായവയാണ് അജാ എന്ന് പറയുന്നത്. എന്തെന്നാല്‍ ചിലര്‍ അങ്ങനെ പഠിക്കുന്നുണ്ട്.
സാംഖ്യമത പ്രകാരം അജാ എന്നത് സത്ത്വരജസ്തമോഗുണങ്ങളുടെ സമാഹാരമാണ്. ഇതിനെ നിരാകരിക്കയാണ് സൂത്ര ത്തില്‍.
അഗ്നി, ജലം, പൃഥിവി എന്നീ മഹാഭൂതങ്ങളുടെ കൂടിച്ചേരലിലൂടെയാണ് സൃഷ്ടി നടക്കുന്നത്. അജാ ശബ്ദം ഈ മൂന്ന് തത്വങ്ങളുടെ കാരണമായ പരമേശ ശക്തിയുടെ വാചകമാണ്.
ഛാന്ദോഗ്യത്തില്‍ സൃഷ്ടിയെപ്പറ്റി പറയുമ്പോള്‍ ലോഹിത ശുക്ല കൃഷ്ണ എന്ന് വര്‍ണ്ണിക്കുന്നു.
ഇത് അഗ്നിയുടെ ചുവപ്പും ജലത്തിന്റെ ശുക്ലവും പൃഥിവിയുടെ കൃഷ്ണവര്‍ണ്ണവുമാണ്. ‘യദഗ്നേരോഹിതം രൂപം തേജസസ്തദ്രൂപം യച്ഛുക്ലം തദപാം യത് കൃഷ്ണം തദന്നസ്യ’ എന്ന് പറഞ്ഞിട്ടുള്ളത് ഈ വര്‍ണ്ണ ഭേദങ്ങളെയാണ്.
ശ്വേതാശ്വതരോപനിഷത്തില്‍ വര്ണ്ണത്രയമായി പറയുന്ന സൃഷ്ടിയ്ക്ക് കാരണമായ ദേവാത്മശക്തിയെയാണ് ഇവിടെ അജാ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ ശക്തിയെ തന്നെ മായാ എന്ന് വിശേഷിപ്പിക്കുന്നു. അത് ഒരിക്കലും സ്വതന്ത്രമായ പ്രധാനമല്ല. പരമാത്മാവിനെ ആശ്രയിച്ച് നില്ക്കുന്ന ശക്തിയെയാണ് അജാ എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിയണം.
സൂത്രം കല്പനോപദേശാച്ച മധ്വാദിവദവിരോധ:
കല്പിച്ച് അഥവാ ഭാവന ചെയ്ത് ഉപദേശിക്കുന്നതിനാല്‍ മധുവല്ലാത്തതിനെ മധുവായി കണക്കാക്കുന്നത് പോലെ വിരോധമില്ലാത്തതാകുന്നു.അജാ ശബ്ദത്തിന് മൂന്ന് രൂപത്തില്‍ സ്വരൂപകല്പന ചെയ്തിട്ടുണ്ട്.ഇത് മധു ശബ്ദം ഉപയോഗിച്ചതു പോലെയാണ്.
അജാ എന്ന പേര് അഗ്നി, ജലം, പൃഥിവി എന്നിവയുടെ സമ്മേളനത്തിനെ എങ്ങനെ വിളിക്കും എന്നാണ് പൂര്‍വ്വ പക്ഷം ചോദിക്കുന്നത്. രൂഢി അര്‍ത്ഥത്തിലും യൗഗികാര്ത്ഥത്തിലും ഇത് യോജിക്കുകയില്ല. അജാ എന്നതിന് പെണ്ണാട് എന്ന് അര്‍ത്ഥമുണ്ട്. ഇവിടെ അങ്ങനെ രൂപമില്ല. അതിനാല്‍ ജന്മമില്ലാത്ത നിത്യമായ പ്രധാനത്തെ കാണിക്കുന്നതാണ് അജാ ശബ്ദം എന്ന് പൂര്‍വ്വ പക്ഷം വീണ്ടും വാദിക്കുന്നു.
പൂര്വ്വപക്ഷവാദത്തെ സൂത്രത്തിലൂടെ ഖണ്ഡിക്കുകയാണ്. അജാ രൂപമില്ലെങ്കിലും അജാത്വം കല്പിച്ച് ബന്ധമോക്ഷ സ്വരൂപത്തെ ഉപദേശിക്കുകയാണ് ഇവിടെ.
ഉപനിഷത്തുക്കളില്‍ മധുവല്ലാത്ത ആദിത്യന് മധുത്വവും ധേനുവല്ലാത്ത വാക്കിന് ധേനുത്വവും അഗ്നിയല്ലാത്ത ദ്യുലോകം മുതലായവയ്ക്ക് അഗ്നിത്വവും കല്പിച്ചിട്ടുണ്ട്. അതുപോലെ ഇവിടെ അജാ ശബ്ദത്തിന് പരമാത്മാവിന്റെ ശക്തി എന്ന് അര്‍ത്ഥം കല്പിക്കണം. ജിജ്ഞാസുക്കളുടെ താല്പര്യമനുസരിച്ച് രൂപം കല്‍പ്പിക്കുന്നത് ഉചിതവുമാണ്.
അറിവില്ലായ്മ മൂലം
മായയില്‍ കുടുങ്ങുമ്പോള്‍ കഷ്ടതയുണ്ടാകുന്നു. എന്നാല്‍ ജ്ഞാനം നേടിയ ആള് മായയെ മറികടന്ന് മുക്തനാവുകയും ചെയ്യുന്നുവെന്ന് ഇവിടെ പ്രതിപാദിക്കുന്നുണ്ട്.
ഇക്കാരണത്താല്‍ അജാ എന്നത് പരമാത്മാവിനെ ആശ്രയിച്ച് നില്ക്കുന്ന ശക്തിയാണ് എന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: