ന്യൂദല്‍ഹി: മികച്ച ഡോക്ടറായ ഹര്‍ഷവര്‍ദ്ധന്‍ വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രിയായി വന്നതിന്റെ ത്രില്ലിലാണ് ആരോഗ്യ മേഖല.
നല്ല പേരുള്ള ഡോക്ടര്‍, 90കളില്‍ ദല്‍ഹിയിലെ ആരോഗ്യമന്ത്രിയായിരുന്ന കാലത്തു തന്നെ മികച്ച പ്രവര്‍ത്തനത്തിലൂടെ കീര്‍ത്തികേട്ട ഡോക്ടര്‍, ദല്‍ഹിയില്‍ പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ മന്ത്രി, പൊതുസ്ഥലത്തെ പുകവലി നിരോധിക്കാന്‍ നിയമം പാസാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചയാള്‍. അങ്ങനെ നിരവധി വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്. ലോകാ രോഗ്യ സംഘടനയുമായി അടുത്തു പ്രവര്‍ത്തിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്.
സിഗരറ്റ് കമ്പനികള്‍ക്കെതിരെ ശക്തമായി പോരാടിയ ഹര്‍ഷവര്‍ദ്ധനാണ് സിഗരറ്റുകള്‍ക്കുള്ള നികുതി കുത്തനെ കൂട്ടാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെയെ കുറപ്പേരെയെങ്കിലും പുകവലിയില്‍ നിന്നകറ്റാമെന്ന് കരുതി. നികുതി വര്‍ദ്ധിപ്പിച്ചതിനും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനും എതിരെ സിഗരറ്റ് കമ്പനികള്‍ നിയമ പോരാട്ടം നടത്തുകയാണെങ്കിലും അവര്‍ ജയിക്കാന്‍ ഒരു സാധ്യതയുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാഴ്ചവച്ച പോലുള്ള ശക്തമായ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നാണ് പൊതു പ്രതീക്ഷ.
അഴിമതിയുടെ കൂത്തരങ്ങായ മെഡിക്കല്‍ കൗസിലിനെതിരായ പോരാട്ടം ഹര്‍ഷ വര്‍ദ്ധന്‍ തുടരും. കൗണ്‍സിലിനെ വെറും ഉദ്യോഗസ്ഥരുടെ തട്ടകമെന്ന അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമമാണ് ഹര്‍ഷ വര്‍ദ്ധന്‍ നേരത്തെ നടത്തിയിരുന്നത്. ഇതിനുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) നിയമം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി അത് പാസാക്കിയെടുക്കും. ആയുഷ്മാന്‍ ഭാരത് എന്ന സാര്‍വ്വത്രിക ഇന്‍ഷ്വറന്‍സ് കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തും.
















