ഭുവനേശ്വര്‍: പഴയ തുകല്‍ ബാഗില്‍, പുതുമ നഷ്ടപ്പെട്ട ഒന്നോ രണ്ടോ ജുബ്ബയുമായി ദല്‍ഹിയിലേക്കുള്ള യാത്ര ചെന്നെത്തിയത് കേന്ദ്ര സഹമന്ത്രി പദത്തിലേക്ക്. ‘ഒഡീഷയുടെ മോദി’ എന്ന് ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ബാലസോര്‍ എംപി പ്രതാപ് ചന്ദ്ര സാരംഗി ഇന്ന് കേന്ദ്ര സഹ മന്ത്രിയാണ്. സാരംഗിയുടെ ജീവിതാഭിലാഷം പോലെ സാധാരണക്കാരനെ സേവിക്കാനുള്ള വകുപ്പുകള്‍. ചെറുകിട വ്യവസായ സംരംഭങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവിഭവം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സഹമന്ത്രിപദവിയിലാണ് സാരംഗി.
ഒരിക്കല്‍ താന്‍ കൈപിടിച്ച് ‘പാര്‍ട്ടിയുടെ മികച്ച പോരാളി’യെന്ന് വിശേഷിപ്പിച്ച സാരംഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗിക്ക് ഇനി ഒഡീഷയിലെ മാത്രമല്ല ഭാരതം മുഴുവനുമുള്ള ജനങ്ങള്‍ക്കായി ജീവിതം മാറ്റിവയ്‌ക്കാം.
സൈക്കിളില്‍ നൂറുകണക്കിന് ഗ്രാമങ്ങളില്‍ സഞ്ചരിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതാണ് സാരംഗിയെ ശ്രദ്ധേയനാക്കിയത്. രാഷ്‌ട്രീയത്തിലും ഈ തെളിമ നിലനിര്‍ത്തി അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണം പോലും സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ ആയിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വന്ന ഒന്നോ രണ്ടോ യോഗങ്ങളില്‍ മാത്രമാണ് അവര്‍ക്കൊപ്പം ജീപ്പില്‍ പ്രചാരണം നടത്തിയത്. ഞാന്‍ പ്രതാപ് ചന്ദ്ര സാരംഗി എന്ന് രാഷ്‌ട്രപതി ഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞാ വാചകമുയര്‍ന്നപ്പോള്‍ സദസ്സില്‍ നിന്ന് കനത്ത കരഘോഷമുയര്‍ത്തുന്നതും വെറുതെയല്ല.
















