ന്യൂദല്‍ഹി: വിദേശകാര്യ വക്താവ് രവീഷ് കുമാറിന്റെ ട്വീറ്റുകള്‍ക്ക് ലോകം കാതോര്‍ക്കും. ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ വക്താവിന് അത്രയ്‌ക്കുണ്ട് പ്രാധാന്യം. ഇന്ത്യയുടെ വിദേശകാര്യ പ്രവര്‍ത്തനം, നയം എന്നിവ സംബന്ധിച്ചാവും ട്വീറ്റുകള്‍ ഏറെയും.
എന്നാല്‍ ഇന്നലെ വിദേശകാര്യം ഒട്ടുമില്ലാത്ത രവീഷ്‌കുമാറിന്റെ ട്വീറ്റാണ് ലോകം ശ്രദ്ധിച്ചത്. വീണ്ടും സ്വാഗതം, താങ്കളെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു ആ ട്വീറ്റിന്റെ തുടക്കം.
വിദേശകാര്യമന്ത്രിയായി മോദി നിയോഗിച്ച ഡോ. എസ്. ജയശങ്കറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് സ്വാഗതം ചെയ്യുന്ന ട്വീറ്റായിരുന്നു അത്. 2015 മുതല്‍ 2018 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കര്‍ വീണ്ടും മന്ത്രാലയത്തില്‍ എത്തുന്നത് ചുമതലക്കാരനായാണ്. ജയശങ്കറെ മന്ത്രിയായി ലഭിച്ചതില്‍ മന്ത്രായലം അഭിമാനിക്കുന്നതായും ട്വീറ്റില്‍ പറയുന്നു.
മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങള്‍ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച നയതന്ത്രജ്ഞന്‍ എന്ന ഖ്യാതിയോടെയാണ് പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലേക്ക് ജയശങ്കര്‍ ചുവടുവെയ്‌ക്കുന്നത്.
ഈ വര്‍ഷം പദ്മശ്രീ നല്‍കിയാണ് ജയശങ്കറിന്റെ സേവനത്തെ രാജ്യം ആദരിച്ചത്. അറുപത്തിനാലുകാരനായ ജയശങ്കറാണ് നാലു പതിറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍. മുമ്പ് ചൈനയിലെ അംബാസഡറായിരുന്ന ജയശങ്കര്‍ ധോക്‌ലാം പ്രശ്‌നം പരിഹരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. അമേരിക്കയില്‍ ജയശങ്കര്‍ അംബാസഡറായിരുന്ന കാലത്താണ് ഇന്ത്യ-യുഎസ് ആണവകരാര്‍ യാഥാര്‍ഥ്യമായത്. 77ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















