ന്യൂദല്‍ഹി: അസമിലെ ജനങ്ങള്‍ക്ക് ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രീംകോടതി. ജൂലൈ 31 വരെയാണ് കോടതി സമയം അനുവദിച്ചത്.
രജിസ്റ്ററില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത ആളുകള്‍ക്ക് ജൂലൈ 31 വരെ പേര് ചേര്‍ക്കാന്‍ സമയം നല്‍കണമെന്ന് ദേശീയ പൗരത്വ രജിസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്‌ക്ക് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ എല്ലായിപ്പോഴും വെറുതെയാകില്ല. അതുകൊണ്ട് പഴുതുകളടച്ച് വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
മുന്‍ സൈനികനായിരുന്ന വ്യക്തി പൗരത്വ രജിസ്റ്ററില്‍ നിന്ന ഒഴിവാക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നല്ലതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥനും ഇത്തരം അശ്രദ്ധയുടെ ഫലമായി രജിസ്റ്ററില്‍ നിന്ന് പുറത്തായി. മുഹമ്മദ് സനാവുള്ള(52)യാണ് പുറത്തായത്. തുടര്‍ന്ന് ഇദ്ദേഹം ഗുവാഹതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
















