മുംബൈ: ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനു പായല്‍ തട്‌വിയുടെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമെന്ന് കുടുംബവും അഭിഭാഷകനും ആരോപിക്കുന്നത്.
പായലിന്റെ കഴുത്തില്‍ രക്തം കട്ട പിടിച്ച പാടുകളും ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനുള്ള സാധ്യത കൂടി കണക്കിലെടുത്ത് പോലീസ് അന്വേഷണം നടത്തണമെന്ന് പായലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിതിന്‍ സത്പുട് പറഞ്ഞു.
പ്രതികള്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മറ്റെവിടെയെങ്കിലും കൊണ്ടു പോയിരിക്കാമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. സാക്ഷികള്‍ സമ്മര്‍ദത്തിലാണെന്നും അതുകൊണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി അപമാനിച്ചതിന് സിനിയര്‍ ഡോക്ടര്‍മാരായ ഭക്തി മെഹര്‍, അങ്കിത ഖണ്ഡേല്‍വാള്‍, ഹേമ അഹൂജ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മരണം കൊലപാതകമെന്ന ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ല മറിച്ച് പയലിന്റെ അമ്മ പറഞ്ഞതാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
















